തിരുവനന്തപുരം: പമ്പിൽ നിന്ന് പെട്രോളടിച്ചശേഷം രോഗിയുമായി ഓട്ടം പോയ ആംബുലൻസ് വഴിയിൽ നിന്നതായി പരാതി. പമ്പിന്റെ തകരാറെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വിഴിഞ്ഞം മുക്കോലയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പട്രോൾ പമ്പ് അധികൃതർ താല്ക്കാലികമായി അടച്ച് പൂട്ടി.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. വിഴിഞ്ഞം അലിയാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഓടുന്ന സിപിഎം മേൽനോട്ടത്തിലുള്ള ആംബുലൻസാണ് വഴിയിലായത്. അഞ്ഞൂറ് രൂപയുടെ പട്രോൾ അടിച്ച് ബില്ല് വാങ്ങിയ ശേഷം ബൈപ്പാസ് വഴി പോയ വാഹനം പത്ത് കിലോമീറ്റർ ഓടുന്നതിനിടയിൽ പെട്രോൾ തീർന്ന് ഓട്ടം നിലച്ചതായാണ് ആരോപണം.
തുടര്‍ന്ന് ബില്ല് പരിശോധിച്ചപ്പോഴാണ് 500 രൂപ നല്‍കിയെങ്കിലും വെറും 2 രൂപക്ക് മാത്രമാണ് ഇന്ധനം നിറച്ചതെന്ന് മനസിലായത്. ഇതോടെ ഡ്രൈവറും വിവരമറിഞ്ഞെത്തിയ നാട്ടുകാരും തടിച്ച് കൂടി പ്രതിഷേധവുമായി പമ്പ് ഉപരോധിച്ചു. ഇത് നേരിയ സംഘർഷാവസ്ഥയ്ക്കും ഇടയാക്കി. നിയന്ത്രിക്കാൻ വൻ പോലീസ് സംഘവും സ്ഥലത്ത് എത്തി.
ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരും രാത്രിയിൽ പമ്പിൽ എത്തി. പരിശോധനയിൽ ക്രമക്കേട് കണ്ട രണ്ട് മെഷീനുകൾ സീൽ ചെയ്ത് പോകാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം പ്രശ്നങ്ങൾക്ക് വഴി തെളിച്ചു. കൂടുതൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട നാട്ടുകാർ ഉദ്യോഗസ്ഥരെ പോകാൻ അനുവദിച്ചില്ല. പ്രശ്നം രൂക്ഷമായതോടെ ക്യാമ്പിൽ നിന്ന് ഉൾപ്പെടെ കൂടുതൽ പോലീസ് എത്തി. ഒടുവിൽ പമ്പ് അടച്ച് പൂട്ടാൻ അധികൃതർ ഉടമക്ക് നിർദ്ദേശം നൽകിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്.
മുക്കോലയിലെയും വിഴിഞ്ഞത്തെയും പമ്പുകൾക്കെതിരെ നേരത്തെയും നിരവധി തവണ പരാതികൾ ഉയർന്നിരുന്നു. കാലപ്പഴക്കം ചെന്നതും പൊട്ടിപ്പൊളിഞ്ഞതുമായ മെഷിനുകളുമായി പ്രവർത്തിക്കുന്ന പമ്പുകളിൽ നിന്ന് അളവ് കുറച്ച് ഇന്ധനം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കം ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കൈയ്യാങ്കളിക്ക് വരെ വഴിതെളിച്ചിരുന്നു. പരിശോധിക്കാൻ വരുന്ന ഉദ്യോഗസ്ഥർ എപ്പോഴും പമ്പുകാർക്ക് അനുകൂലമായ നിലപാടുമായി മടങ്ങുകയാണ് പതിവെന്നും നാട്ടുകാർ പറയുന്നു.