NationalNews

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ വ‍ൃത്തങ്ങളെ കേന്ദ്രീകരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

സൂര്യന്‍റെ ഉപരിതലത്തിലുണ്ടാവുന്ന വലിയ രീതിയിലുള്ള പൊട്ടിത്തെറികളാണ് സൗരകൊടുങ്കാറ്റുകൾക്ക് കാരണമാകുന്നത്. ഭൂമിയിലേക്കടക്കം ധാരാളം ഊർജ്ജ കണികകളുടെ പ്രവാഹം ഇതിനെ തുടർന്നുണ്ടാകും. സൂര്യനില്‍ അടുത്തിടെയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്ന സൗരകൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും സാറ്റ്‌ലൈറ്റുകളുടെ പ്രവര്‍ത്തനത്തെയും തടസപ്പെടുത്തിയേക്കാം. അതിനാല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരും സ്ഥിതി ഗൗരവമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാറ്റ്‌ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഐഎസ്ആര്‍ഒ നിര്‍ദേശം നല്‍കി. 

‘കുറച്ച് ദിവസം മുമ്പുണ്ടായത് കഴിഞ്ഞ മെയ് മാസമുണ്ടായ സൗരജ്വാലയ്ക്ക് സമാനമായി ശക്തമായതാണ്. അതിനാല്‍ ഭൂമിയുടെ കാന്തമണ്ഡലത്തിൽ ചെറിയ ചലനങ്ങള്‍ ഇത് സൃഷ്ടിച്ചേക്കാം എന്ന് കണക്കാക്കുന്നു. സൗരജ്വാല ഭൂമിയിലെത്താന്‍ കുറച്ച് ദിവസമെടുക്കും എന്നതിനാല്‍ എന്തായിരിക്കും സ്ഥിതിയെന്നറിയാന്‍ കാത്തിരിക്കാനാണ് തീരുമാനം. എന്തെങ്കിലും പ്രതികൂലമായി സംഭവിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് തന്നെയറിയണം’ എന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് ഡയറക്ടര്‍ ഡോ. അന്നപൂര്‍ണി സുബ്രമണ്യന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

2024 മെയ് മാസമുണ്ടായ അതിശക്തമായ സൗരജ്വാല ധ്രുവദീപ്‌തിക്ക് കാരണമായിരുന്നു. 2003ന് ശേഷമുള്ള ഏറ്റവും ശക്തമായ ജി5 ജിയോമാഗ്നറ്റിക് കൊടുങ്കാറ്റാണ് മെയ്‌ മാസത്തിലുണ്ടായത്. വ്യത്യസ്ത വേഗതയിലുള്ള നിരവധി സിഎംഇകള്‍ ഭൂമിയിലേക്ക് സഞ്ചരിച്ചാണ് അന്ന് ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.

ഭൂമിക്ക് കാന്തമണ്ഡലമുള്ളതിനാല്‍ ഇത്തരം സൗരകൊടുങ്കാറ്റുകള്‍ മനുഷ്യര്‍ക്ക് നേരിട്ട് യാതൊരു പ്രത്യാഘാതവും സൃഷ്ടിക്കില്ലെങ്കിലും റേഡിയോ പ്രക്ഷേപണത്തില്‍ പ്രശ്‌നങ്ങള്‍, നാവിഗേഷന്‍ സിഗ്നലുകളില്‍ തകരാര്‍, പവര്‍ഗ്രിഡുകളില്‍ പ്രശ്‌നങ്ങള്‍, സാറ്റ്‌ലൈറ്റുകളില്‍ തകരാര്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker