ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയും മുങ്ങിമരിച്ചു
മലപ്പുറം:വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിൽ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ 15കാരിയും മുങ്ങിമരിച്ചു. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. മണിപ്പറമ്പ് ചെമ്പോക്കടവ് സ്വദേശിയായ രാജന്റെ മകൾ അർച്ചന, രാജന്റെ സഹോദരനായ വിനോദിന്റെ മകൻ ആദിൽ ദേവ് എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആദിൽ ദേവ് അബദ്ധത്തിൽ വീടിന് സമീപമുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അർച്ചന ആദിലിനെ രക്ഷിക്കാനായി വെള്ളത്തിൽ ഇറങ്ങിയെങ്കിലും മുങ്ങിതാഴുകയായിരുന്നുവെന്നാണ് വിവരം.
അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാർ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്.
അപകടമുണ്ടായ ചെങ്കൽ ക്വാറി മണ്ണിട്ട് മൂടണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് ഇതിനായി നിർദേശവും നൽകിയിരുന്നു. എന്നാൽ നടപടികൾ വൈകിയതാണ് ഇപ്പോൾ ഇത്തരമൊരു അപകടത്തിലേക്കെത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു.