KeralaNews

പാലക്കാട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു,ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ്‌

പാലക്കാട്: ജില്ലയില്‍ ഇന്ന്(മെയ് 24) തൃശൂര്‍ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മൂന്ന് പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

മെയ് 11ന് മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട്, ചാലിശ്ശേരി സ്വദേശി (26 വയസ്സ്, പുരുഷന്‍), ചെന്നൈയിലെ തിരുവല്ലോറില്‍ നിന്ന് മെയ് 13ന് നാട്ടിലെത്തിയ മലമ്പുഴ സ്വദേശി (21 വയസ്സ്, പുരുഷന്‍) ,മേയ് 14ന് ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയ കഞ്ചിക്കോട് സ്വദേശി (22 വയസ്സ്, പുരുഷന്‍), വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(20 വയസ്സ്, സ്ത്രീ) എന്നിവര്‍ക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

തൃശൂര്‍ സ്വദേശിനി ജോലിയുടെ ഭാഗമായി പാലക്കാട് താമസിക്കുകയാണ്. മലമ്പുഴ, ചാലിശ്ശേരി സ്വദേശികള്‍ വീട്ടില്‍ നിരീക്ഷണത്തിലും കഞ്ചിക്കോട് സ്വദേശി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിനിലും ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ സ്വദേശിനിയുടെത് മെയ് 21 നും ബാക്കിയുള്ളവരുടേത് മെയ് 22നുമായാണ് സ്രവം പരിശോധനയ്‌ക്കെടുത്തത്. ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍ക്കൊക്കെ യാത്രാ പാസ് ഉണ്ടായിരുന്നു.

ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) ഇന്നും മെയ് 17 നുമായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും ഉള്‍പ്പെടെ 48 പേരായി. ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button