കൊട്ടാരക്കര: വിലങ്ങറയില്‍ ഒരു കുടുംബത്തിലെ നാലുപേരെ അവശനിലയില്‍ കണ്ടെത്തിയ സംഭവം വിഷം കഴിച്ചതാണെന്ന് സംശയം. വിലങ്ങറ ചരുവിള പുത്തന്‍വീട്ടില്‍ സുദര്‍ശനന്‍ (45), ഭാര്യ ഗീതാകുമാരി (39), മക്കള്‍ നീതു (18), മകന്‍ നിതീഷ് (13) എന്നിവരെയാണ് അവശനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലും പേരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അഡ്മിഷനുമായി ബന്ധപ്പെട്ട് ഐടിഐയില്‍ പോയശേഷം മാതാവും മകളും വീട്ടിലെത്തിയതിന് പിന്നാലെ ഗൃഹനാഥന് ശാരീരിക അസ്വസ്ഥതകള്‍ കണ്ടു തുടങ്ങുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഗീതാകുമാരിക്കും അവശതയുണ്ടായി.
തൊട്ടുപിന്നാലെ വീട്ടിലുണ്ടായിരുന്ന മക്കളും അവശരായതോടെയാണ് വിഷം ഉള്ളില്‍ ചെന്നതായ സംശയം ഉടലെടുത്തത്. കഴിച്ച ആഹാരത്തില്‍ വിഷാംശം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. തങ്ങള്‍ പ്രത്യേകിച്ച് ഒന്നും കഴിച്ചില്ലെന്നാണ് കുടുംബം പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സുദര്‍ശനന്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി.