തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന്‍റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. ഗോപാലകൃഷ്ണൻ ആദ്യം കൈമാറിയത് വാട്സ് ആപ്പ് ഇല്ലാത്ത ഐ ഫോൺ ആണ്. പൊലിസ് വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് വാട്സ് ആപ്പ് ഉപയോഗിച്ച സാംസങ്ങ് ഫോൺ കൈമാറിയത്. രണ്ട് പ്രാവശ്യം ഫോണുകൾ ഫാക്ടറി റീ സെറ്റ് ചെയ്താണ് കൈമാറിയത്. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞാണ് ഫോൺ കൈമാറിയത്. നിരന്തരമായി റീ സെറ്റ് ചെയ്തതിനാൽ തെളിവുകളില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടില്‍ പറയുന്നത്.
ഹിന്ദു മല്ലു വാട്സ് ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സംരക്ഷിച്ചുള്ള ചാര്‍ജ്ജ് മെമ്മോ പുറത്ത് വന്നിരുന്നു. മൊബൈൽ ഹാക്ക് ചെയ്തെന്ന് പൊലീസിന് കള്ളപരാതി നൽകിയതും മുസ്ലീം ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയതും ഒന്നും പരാമർശിക്കാതെയാണ് ഗോപാലകൃഷ്ണനെതിരായ ചാർജ്ജ് മെമ്മോ. ഗുരുതര കുറ്റങ്ങൾ നേര്‍പ്പിച്ച് നടപടി ലഘൂകരിക്കാൻ ആസൂത്രിത നീക്കമെന്ന ആക്ഷേപം ഇതോടെ ശക്തിപ്പെടുകയാണ്.
വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതും വിവാദമായിരുന്നു. മതത്തിന്‍റെ കള്ളിയിൽ ഉദ്യോഗസ്ഥരെ വേര്‍തിരിക്കും വിധം ഗ്രൂപ്പുണ്ടാക്കിയത് വിവാദമായതിന് പിന്നാലെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഉണ്ടാക്കുകയായിരുന്നു കെ ഗോപാലകൃഷ്ണൻ.
ഇതിനെതിരെ ഒരു ഐഎഎസ് ഉദ്യോഗസ്ഥ നൽകിയ പരാതിയും സര്‍ക്കാരിന് മുന്നിലുണ്ട്. വിവാദം കൈവിട്ട് പോയതോടെ ഫോൺ ആരോ ഹാക്ക് ചെയ്തെന്ന് ഗോപാലകൃഷ്ണൻ പൊലീസിന് പരാതി നൽകി. ഈ വാദം പൊലീസും മെറ്റയും ശാസ്ത്രീയ പരിശോധനയിൽ തള്ളുകയും ചെയ്തിരുന്നു. സസ്പെൻഷനിൽ തുടരുന്ന കെ ഗോപാലകൃഷ്ണനെതിരെ കടുത്ത നടപടിക്ക് വകുപ്പുണ്ടായിട്ടും നടപടി സാധ്യത നേര്‍പ്പിക്കുകയാണിപ്പോൾ സര്‍ക്കാര്‍. ഗുരുതരാരോപണങ്ങൾ എല്ലാം ഒഴിവാക്കിയാണ് ചാർജ് മെമ്മോ നൽകിയിട്ടുള്ളത്.
ഉദ്യോഗസ്ഥര്‍ക്കിടയിൽ വിഭാഗീയത വളര്‍ത്താൻ ശ്രമിച്ചെന്ന കുറ്റം മാത്രമാണിപ്പോൾ ഗോപാലകൃഷ്ണന് നേരെ നിലവിലുള്ളത്. മുസ്ലീം ഗ്രൂപ്പുണ്ടാക്കിയതോ അതിനെതിനെതിര ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ സ്ക്രീൻ ഷോട്ടോ മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെല്ലാം അപ്പുറത്ത് ഫോൺ ഹാക്ക് ചെയ്തെന്ന വ്യാജ പരാതി പൊലീസിന് നൽകിയതിലും ഗോപാലകൃഷ്ണനെതിരെ നടപടി നിര്‍ദ്ദേശം ഒന്നുമില്ല.
ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിൽ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കും വിധം ഉള്ള നടപടിയിൽ സമാനതകളില്ലാത്ത വിവാദം ഉയര്‍ന്നിട്ടും ഉദ്യോഗസ്ഥന് ക്ഷണമൊരുക്കുന്ന നിലപാടാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കം എല്ലാവരും തുടക്കം മുതൽ എടുത്തിരുന്നത്. ഇത് പൂര്‍ണ്ണമായും ശരിവെക്കും വിധത്തിലാണ് ചാര്‍ജ്ജ് മെമ്മോ.