കൊവിഡ് മഹാമാരി കാലം ഏറ്റവും കൂടുതൽ ബാധിച്ച മേഖല ഫിലിം ഇന്റസ്ട്രിയാണ്. മലയാളം ഉൾപ്പടെയുള്ള സിനിമകൾ ഒടിടി റിലീസുകളിലൂടെ ഇന്റസ്ട്രിയിൽ പിടിച്ചു നിന്നു. കൊവിഡ് കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തിയ കാഴ്ചയാണ് ഈ വർഷം ലോക ജനത കണ്ടത്. വിവിധ ഭാഷകളിലായി ഇറങ്ങിയത് ഒരുപിടി മികച്ച സിനിമകൾ. അക്കൂട്ടത്തിൽ മലയാളം ഒട്ടും പുറകിലല്ല എന്നതാണ് വാസ്തവം. ഒട്ടേറെ മികച്ച സിനിമകളാണ് മലയാളത്തിൽ ഈ വർഷം റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ വർഷത്തെ മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോർബ്സ് മാസിക.
ഫോർബ്സ് പട്ടികയിൽ രണ്ട് മലയാള ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ‘റോഷാക്കും’ കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊടും’ ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. വ്യത്യസ്ത ആഖ്യാനവും കഥ പറച്ചിലുമായി എത്തിയ റോഷാക്ക് സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. കുഞ്ചാക്കോ വേറിട്ട ഗെറ്റപ്പിൽ എത്തിയ ന്നാ താൻ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാളും ആണ്.
രാജമൗലിയുടെ ആർആർആർ, അമിതാഭ് ബച്ചന്റെ ഗുഡ്ബൈ, ദ സ്വിമ്മേർസ്, സായ് പല്ലവിയുടെ ഗാർഖി, എവരിതിങ് എവരിവെയർ ആൾ അറ്റ് ഒൺ, ആലിയ ഭട്ടിന്റെ ഗംഗുഭായ്, പ്രിസണേഴ്സ് ഓഫ് ഗോസ്റ്റ്ലാന്റ്, ടിൻഡർ സ്വിൻഡ്ലർ, ഡൗൺ ഫാൾ : ദ കേസ് എഗൈൻസ് ബോയ്ങ് എന്നിവയാണ് മറ്റ് മികച്ച ഇന്ത്യൻ ചിത്രങ്ങൾ.
മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു റോഷാക്കിലെ ലൂക്ക് ആന്‍റണി.യുകെ പൗരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ലൂക്ക് അവിചാരിതമായി ഒരു നാട്ടില്‍പുറ പ്രദേശത്ത് എത്തിപ്പെടുകയാണ്. വനപാതയില്‍ തന്‍റെ കാര്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഭാര്യയെ കാണ്മാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറഞ്ഞത്.
ഓഗസ്റ്റ് 11നാണ് ന്നാ താന്‍ കേസ് കൊട് തിയറ്ററുകളില്‍ എത്തിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകം റിലീസ് ദിവസം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ചിത്രം കാണരുതെന്നും ബഹിഷ്കരിക്കണമെന്നും ഉള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നെങ്കിലും തിയറ്ററുകളില്‍ ഗംഭീര വിജയം നേടി ഈ സിനിമ.