FeaturedHome-bannerKeralaNews

‘ഫുട്ബോൾ ലഹരിയാകുന്നു, താരരാധനയ്ക്ക് വഴി വെക്കുന്നു, പ്രാർത്ഥന തടസപ്പെടരുത്’; ആവർത്തിച്ച് നാസർ ഫൈസി കൂടത്തായി

കോഴിക്കോട് : ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശം സൃഷ്ടിച്ചത് വലിയ വിവാദം. സമസ്തയുടെ നിര്‍ദേശത്തിനിതിരെ നവ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണുയരുന്നത്. എന്നാൽ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഫുട്ബോൾ ആരാധനക്കെതിരെ മുന്നറിയിപ്പ് നൽകുമെന്നാണ് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ആവർത്തിക്കുന്നത്. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടതായും നാസർ ഫൈസി പറഞ്ഞു.

‘സ്പോട്സ് മാൻ സ്പിരിറ്റോട് കൂടി ഫുട്ബോളിനെ കാണുന്നതിന് പകരം താരരാധനക്കും അന്യദേശത്തെ ദേശീയ പതാകയെ നമ്മുടെ ദേശത്തെ പതാകയേക്കാൾ സ്നേഹിക്കപ്പെടുന്ന സ്ഥിതിയിലേക്കുമെത്തുകയാണ്. സാമ്പത്തികമായി വളരെ ദുരിതമനുഭവിക്കുന്ന കാലത്ത് നിത്യ ഭക്ഷണത്തിന് മനുഷ്യൻ പ്രയാസപ്പെടുമ്പോൾ വമ്പിച്ച പണത്തിന് താരങ്ങളുടെ കട്ടൌട്ടുകൾ ഉയർത്തുന്നത് ഇന്ന് ചെറുപ്പക്കാർക്കിടയിൽ വ്യാപകമാണ്.

കുട്ടികളുടെ പഠനം തടസപ്പെടാൻ അമിതാരാധന കാരണമാകുന്നു. പള്ളികളിൽ പ്രാർത്ഥനക്ക് വേണ്ടി വരേണ്ട സമയത്ത് കളികാണാൻ വേണ്ടി അർദ്ധരാത്രിയിൽ കളികാണുന്ന സ്ഥിതിയാണ്. പ്രാർത്ഥന തടസപ്പെടരുത്. പോർച്ചുഗൽ അധിനിവേശം നടത്തിയവരാണ്. സിനിമ, സ്പോർട്സ്, രാഷ്ട്രീയ മേഖലകളിലെ ആളുകളെ ആരാധിക്കരുത്”. മുൻ ലോകകപ്പുകളിലും പള്ളികളിൽ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെങ്ങും ഒരേ ലഹരിയിൽ കാൽപ്പന്തിന് പുറകേയോടുമ്പോഴാണ് വിശ്വാസികൾക്ക് സമസ്ത നിയന്ത്രണമേർപ്പെടുത്തുന്നത്.  വിനോദങ്ങളെ  പ്രോത്സാഹിക്കുമ്പോഴും കളിക്കമ്പം ലഹരിയോ ജ്വരമോ ആകരുത്. താരാരധനയല്ല, ദൈവാരാധനയാണ് വേണ്ടതെന്നും നാസർ ഫൈസി കൂടത്തായി പറയുന്നു. കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന  ഖുറാനിലെ വാക്യങ്ങൾ ഉദ്ധരിച്ച് , വെളളിയാഴ്ച നിസ്കാരത്തിന് ശേഷം പളളികളിൽ  നടത്തേണ്ട പ്രസംഗത്തിന്‍റെ കുറിപ്പും ഖത്തീബുമാർക്ക് കൈമാറി. ഉറക്കമൊഴിഞ്ഞ് കളികാണരുത്. രാത്രി ഫുട്ബോൾ മത്സരം കാണുന്നതിലൂടെ  നമസ്കാരം ഉപേക്ഷിക്കുന്ന രീതി ശരിയല്ല. രാജ്യത്തിന് മേൽ അധിനിവേശം  നടത്തിയ പോർച്ചുഗൽ ഉൾപ്പെടെയുളള രാജ്യങ്ങളുടെ പതാകയേന്തുന്നതും  ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ശരിയായ രീതിയല്ലന്നെുമാണ്  പ്രസംഗത്തിന്‍റെ ഉളളടക്കം. 

ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമുള്ള സമസ്തയുടെ നിർദ്ദേശത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി. ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും ശിവൻകുട്ടി കോഴിക്കോട്ട് പറഞ്ഞു. ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. സമസ്തയ്ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്. പക്ഷേ അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker