InternationalNews

കനത്ത മഴയിൽ ന്യൂയോർക്ക് നഗരത്തിൽ വെള്ളക്കെട്ട്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഗവർണർ

ന്യൂയോർക്ക് സിറ്റി: കനത്ത മഴയിൽ സബ്‌വേകളിലും റോഡുകളിലും വെള്ളം നിറഞ്ഞതോടെ ന്യൂയോർക്ക് സിറ്റിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ഹഡ്‌സൺ വാലി എന്നിവിടങ്ങളിലാണ് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരിടത്തും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മഴയെത്തുടർന്ന് ഹൈവേകളിലും സബ്‌വേകളിലും വെള്ളം നിറഞ്ഞു. ട്രെയിൻ, സബ്‌വേ സർവീസ് എന്നിവ നിർത്തലാക്കി. ഗതാഗത സംവിധാനങ്ങൾ താറുമാറായ അവസ്ഥയിലായതോടെയാണ് ഗവർണർ കാത്തി ഹോചുൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ, മേയർ എറിക് ആഡംസ്, ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫി എന്നിവർ സാഹചര്യം വിലയിരുത്തി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെവരെ കനത്ത മഴയാണ് നഗരത്തിൽ പെയ്തത്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഗവർണർ അറിയിച്ചു. ക്വീൻസിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൻ്റെ ഒരു ടെർമിനൽ അടച്ചു. വെള്ളക്കെട്ട് നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ പാടില്ലെന്നും ജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിച്ച് ജാഗ്രത തുടരണമെന്നും ഗവർണർ പറഞ്ഞു. ആളുകൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് നിർദേശം നൽകി.

ശക്തമായ മഴയെത്തുടർന്ന് മിന്നൽ പ്രളയമുണ്ടായതാണ് ന്യൂയോർക്ക് നഗരത്തെ ജനജീവിതം താറുമാറാക്കിയത്. വ്യാഴാഴ്ച രാത്രി ശക്തമായ കൊടുങ്കാറ്റാണ് ന്യൂയോർക്ക് നഗരത്തിൽ വീശിയടിച്ചത്. മഴയും ശക്തമായതോടെ നഗരം വെള്ളക്കെട്ടിലായി. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ നിലച്ച അവസ്ഥയിലാണ്. റോഡുകളും ഹൈവേകളും വെള്ളത്തിനടിയിലാണ്. നിരവധി കടകളിൽ വെള്ളം കയറി. വാഹനങ്ങൾ മുങ്ങിയ അവസ്ഥയിലാണ്. പലയിടത്തും വൈദ്യുതിയും കുടിവെള്ളവും തടസപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button