ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ പിടികൂടി. കേസില്‍ രണ്ട് മുതല്‍ ആറ് വരെ പ്രതികളായവരെ പഴനിയില്‍ നിന്നാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വിഷ്ണു, അഭിമന്യു, സാനന്ദ്, അതുല്‍, ധനേഷ് എന്നിവരാണ് പിടിയിലായത്. അഞ്ച് പേരുടെയും ജാമ്യം കഴിഞ്ഞ മാസം 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഡിസംബര്‍ 17ന് ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്കായി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷം മുന്‍പ് വിചാരണക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്.
ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഷാനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2021 ഡിസംബര്‍ 18ന് രാത്രിയിലാണ് ഷാന്‍ കൊല്ലപ്പെട്ടത്. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു.
2021 ഫെബ്രുവരിയില്‍ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവിനെ എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഷാനെ കൊന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.