FeaturedHome-bannerKeralaNews

പാലക്കാട് 3 കെഎസ്ആർടിസി ഉൾപ്പെടെ 13 ബസുകളുടെ കൂടി ഫിറ്റ്നെസ് റദ്ദാക്കി; പരിശോധന തുടർന്ന് ആർടിഒ

പാലക്കാട്: പാലക്കാട്‌ ജില്ലയിൽ ബസ്സുകളുടെ പരിശോധന തുടർന്ന് ആർടിഒ. ജില്ലയിൽ 13 ബസ്സുകളുടെ കൂടി ഫിറ്റ്നസ്  റദ്ദാക്കി. എട്ടു ബസുകൾക്ക് എതിരെ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചതിന് നടപടി എടുത്തു. പാലക്കാട് ജില്ലയിൽ മാത്രം ഇതുവരെ റദ്ദാക്കിയത് 44 ബസുകളുടെ ഫിറ്റ്നസ്. ഇവയിൽ മൂന്നു കെഎസ്ആർടിസിയും ഉൾപ്പെടുന്നു. പല ബസുകളിലും വേ​ഗപ്പൂട്ട് കൃത്രിമം നടത്തിയതിന്റെ പേരിലാണ് നടപടി. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമലംഘനത്തിൽ കർശന പരിശോധനയാണ് നടന്നു വരുന്നത്. 

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണം. 

നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല. ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു. വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും എന്ന ചോദ്യവും ഉന്നയിച്ചു.

ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിനൊപ്പം ട്രെയിനിംഗ് കോഴ്സുകളും നടത്തും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്സൈസ് വകുപ്പുമായി ചേർന്ന് പരിശോധന നടത്തും. ഏകീകൃത കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. രൂപമാറ്റം വരുത്തിയാലുള്ള പിഴ ഓരോ രൂപമാറ്റത്തിനും അയ്യായിരത്തിൽ നിന്നും 10000 രൂപയാക്കി ഈടാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button