മുംബൈ: മഹാരാഷ്ട്രയിലെ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഛത്രപതി സംഭാജിനഗറിലെ ഹാൻഡ് ഗ്ലൗസ് നിർമാണ കമ്പനിയിലാണ് ഞായറാഴ്ച പുലർച്ചെ തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആറു പേർ കൊല്ലപ്പെട്ടു. ‘വാലുജ് എംഐഡിസി ഏരിയയിലെ ഫാക്ടറിയിൽ പുലർച്ചെ 02:15 ഓടെയാണ് തീപിടിത്തമുണ്ടായത്’ അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍ മരണപ്പെട്ടത്. “പുലർച്ചെ 2:15 ന് ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. ഞങ്ങൾ സംഭവസ്ഥലത്ത് എത്തിയപ്പോൾ ഫാക്ടറി മുഴുവൻ കത്തിനശിച്ചു. ആറ് പേർ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാട്ടുകാർ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു,” ഫയർ ഓഫീസർ മോഹൻ മംഗ്‌സെ വാർത്താ ഏജന്‍സിയായ എ എൻ ഐയോട് പറഞ്ഞു.
നിലവിൽ തീ കെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായി നാട്ടുകാർ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തീപിടിത്തത്തിൽ ആറ് പേർ മരിച്ചതായി അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു. തീപിടിത്തം ഉണ്ടായപ്പോൾ കമ്പനി പൂട്ടി കിടക്കുകയായിരുന്നുവെന്നും അവർ ഉറങ്ങുകയായിരുന്നുവെന്നും തൊഴിലാളികൾ വ്യക്തമാക്കി.
‘തീപിടിത്തമുണ്ടായപ്പോൾ 10-15 തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉറങ്ങുകയായിരുന്നു. ചിലർ രക്ഷപ്പെട്ടു, എന്നാൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും അതിനുള്ളിൽ കുടുങ്ങിയിരുന്നു’ തൊഴിലാളികളിൽ ഒരാൾ എഎൻഐയോട് പറഞ്ഞു. അതേസമയം, തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.