ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം; യാസിൻ മാലിക്കിന് ജീവപര്യന്തം
ന്യൂഡൽഹി ∙ ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. വിധിപ്രസ്താവത്തിനു മുന്നോടിയായി പട്യാല ഹൗസ് കോടതിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. മാലിക്കിനെതിരെ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയിരുന്നു. മാലിക്കിന് വധശിക്ഷ നൽകണമെന്ന് ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തവും പരമാവധി ശിക്ഷ വധശിക്ഷയുമാണ്.
എന്നാൽ ആയുധം താഴെയിട്ടിട്ട് വർഷങ്ങൾ ആയെന്നും തികഞ്ഞ ഗാന്ധിയനായിട്ടാണ് താൻ ജീവിക്കുന്നതെന്നും യാസിൻ മാലിക് കോടതിയിൽ പറഞ്ഞു. തനിക്കെതിരായ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്നും അംഹിസാ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും യാസിൻ മാലിക് പറഞ്ഞു. കേസിൽ യാസിൻ മാലിക്ക് കുറ്റക്കാരനാണെന്നു മേയ് 19ന് എൻഐഎ കോടതി ജഡ്‌ജി പ്രവീൺ സിങ് വിധിച്ചിരുന്നു,
കശ്മീരിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിനു പണം സ്വരൂപിക്കാൻ രാജ്യാന്തരതലത്തിലുള്ള സംവിധാനം മാലിക് ഉണ്ടാക്കിയതായി കോടതി വ്യക്തമാക്കിയിരുന്നു. കശ്മീർ താഴ്‌വരയിൽ 2017ൽ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവായ മാലിക് (56) പ്രതിയായത്. 2016 ജൂലൈ എട്ടിന് അനന്ത്നാഗ് ജില്ലയിലെ കൊക്കർനാഗിൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു മാസം തുടർന്ന പ്രക്ഷോഭത്തിൽ കശ്മീരിൽ 85 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബുർഹാൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ യാസിൻ മാലിക്കിനെ കരുതൽ തടങ്കലിൽ പാർപ്പിച്ചുവെങ്കിലും പിന്നീട് വിട്ടയയച്ചു. 2016ൽ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിനു പിന്നിലും മാലിക്കിന്റെ ആസൂത്രണം ഉണ്ടെന്നാണ് എൻഐഎ കണ്ടെത്തിയത്. 2019ൽ ആണു മാലിക്കിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ചിൽ ഈ കേസിൽ കശ്മീരിലെ ഏതാനും വിഘടനവാദി നേതാക്കളെയും കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദും ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദീനും കുറ്റപത്രത്തിൽ ഉണ്ട്. യാസിൻ മാലിക്കിനെതിരെ കുറ്റം ചുമത്തിയതിൽ ഇസ്‌ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാക്ക് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.