KeralaNews

ആഷിഖ് അബുവിന്റെ അംഗത്വം നേരത്തെ നഷ്ടപ്പെട്ടിരുന്നുവെന്ന് ഫെഫ്ക; 'ആരോപണങ്ങൾ നേരത്തെ തന്നെ നിർവീര്യമാക്കിയത്'

കൊച്ചി: സംവിധായകൻ ആഷിഖ് അബു സംഘടനയിൽ നിന്നു രാജിവച്ചതിൽ പ്രതികരണവുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. ആഷിഖ് അബുവിന്റെ രാജി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും എട്ടു വർഷത്തെ വാർഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനാൽ ആഷിഖിനു നേരത്തേതന്നെ അംഗത്വം നഷ്ടമായിരുന്നുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കരും ജനറൽ സെക്രട്ടറി ജി എസ് വിജയനും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയന്നു. കുടിശിക തുക പിഴയും ചേർത്ത് 5000 രൂപ ഓഗസ്റ്റ് 12നാണ് ആഷിഖ് അബു അടച്ചതെന്നും ശേഷം ഇപ്പോൾ രാജി വാർത്ത പ്രഖ്യാപിക്കുന്നതും വിചിത്രമായി തോന്നുന്നുവന്നാണ് സംഘടന വിശദീകരിക്കുന്നത്.

ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കലിനുള്ള അപേക്ഷ സംഘടനയുടെ അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്യാനിരിക്കെയാണ് രാജിവാർത്ത മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും ഈ സാഹചര്യത്തിൽ അംഗത്വം പുതുക്കേണ്ടതില്ലെന്നും, അദ്ദേഹം ഫെഫ്കയിലടച്ച തുക, തിരികെ അയച്ചു കൊടുക്കുവാൻ തീരുമാനിച്ചുവെന്നും  ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അറിയിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രറ്ററിയായിരുന്ന സിബി മലയിൽ കമ്മീഷൻ ആവശ്യപ്പെട്ടു എന്ന ആഷിഖ് അബുവിന്റെ ആരോപണവും സംഘടന നിഷേധിക്കുന്നുണ്ട്.

ഫെഫ്കക്കെതിരെ മീഡിയയിലൂടെ നടത്തിയ ആരോപണത്തെ തെളിവ് നിരത്തി സംഘടന നേരത്തെ തന്നെ നിർവ്വീര്യമാക്കിയതാണെന്നും ഭാരവാഹികൾ വിശദീകരിക്കുന്നു. പൊളിഞ്ഞു പോയ വാദങ്ങളാണ് ആഷിഖ് അബു ആവർത്തിക്കുന്നത്. സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ ആതിന്റെ  10 ശതമാനം തുക അംഗങ്ങൾ പ്രവർത്തന ഫണ്ടിലേക്ക് സ്വമനസ്സാലെ സംഭാവനയായി നൽകുന്ന ഇന്ത്യയിലെ മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകൾ അനുവർത്തിച്ചു പോരുന്ന ട്രേഡ് യൂണിയൻ രീതി ഫെഫ്കയും അവലംബിച്ചിരുന്നുവെന്നും അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവർത്തിക്കുന്ന ഈ രീതി  അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചതെന്നുമാണ് വിശദീകരണം. 

എന്നാൽ തർക്കം പരിഹരിക്കപ്പെട്ടതിനു ശേഷം ആഷിഖ് അബു, സിബി മലയിലിനെ ഫോണിൽ വിളിച്ച്‌‌  അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഈ ഇനത്തിൽ കൊടുക്കുന്ന സംഭാവന യൂണിയൻ ചിലവഴിക്കുന്നത്‌ തൊഴിലും വരുമാനവുമില്ലാത്ത അംഗങ്ങൾക്ക്‌ നൽകുന്ന പെൻഷനും ചികിത്സാ-മരണാനന്തര സഹായങ്ങൾക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക ഇടപെട്ട്‌ വാങ്ങിക്കൊടുത്ത തുകയിൽ നിന്നും ഒരു രൂപാ പോലും പൂർണ്ണ മനസ്സോടെ സംഭാവന ചെയ്യാൻ ആഷിഖ് അബു തയ്യാറായില്ലെന്നും അതുകൊണ്ട്‌ തന്നെ അദ്ദേഹം മനസില്ലാമനസ്സോടെ അയച്ച 92500 രൂപയുടെ ചെക്ക് തിരിച്ചയച്ചു കൊടുത്തുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാർത്താ കുറിപ്പ് വിശദീകരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker