CrimeKeralaNews

‘ജെസ്‌ന ജീവനോടെയില്ല’ വ്യാഴാഴ്ചകളിൽ ആരാധനാലയത്തിൽ കണ്ടുമുട്ടുന്ന സുഹൃത്തിന്റെ കാര്യം വിട്ടുപോയി

പത്തനംതിട്ട: മുക്കൂട്ടുതറയിൽനിന്ന് ആറു വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ ജെസ്നയെ അപായപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് പിതാവ് ജെയിംസ്. ജെസ്ന മുണ്ടക്കയം വിട്ടു പോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടുകളിലെ വിട്ടുപോയ പോയിന്റുകളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ജെയിംസ് പറഞ്ഞു. പ്രാഥമിക ഘട്ടത്തിൽ അന്വേഷണം നടത്തിയ ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചു. ഈ ഘട്ടത്തിലാകാം ജെസ്‍നയെ അപായപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ലോക്കൽ പൊലീസിന്റെയും സിബിഐയുടെയും ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ താനും ഒരു സംഘവും പരിശോധിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിലാണ്, വ്യാഴാഴ്ചകളിൽ ജെസ്ന ഒരു ആരാധനാലയത്തിൽവച്ച് കണ്ടുമുട്ടിയിരുന്ന ഒരു സുഹൃത്തിന്റെ കാര്യം വിട്ടുപോയതായി മനസ്സിലായത്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയതായി അദ്ദേഹം വിശദീകരിച്ചു.

‘‘ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒന്നോ രണ്ടോ ദിവസത്തിനപ്പുറത്തേക്ക് ഞാനുമായി സംസാരിക്കാൻ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടാകില്ല. ആദ്യ ദിവസങ്ങളിൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ട്. ആ സമയത്ത് അവളെ അപായപ്പെടുത്തിക്കാണും. ജെസ്നയെ പുറത്തുവിടാൻ പറ്റാത്ത സാഹചര്യത്തിൽ അപായപ്പെടുത്തിക്കാണും’ – ജെയിംസ് പറയുന്നു.

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വർഗീയ മുതലെടുപ്പിന് ഉൾപ്പെടെ ശ്രമം നടന്നതായി ജയിംസ് ചൂണ്ടിക്കാട്ടി. ‘‘അവൾ ഇവിടെത്തന്നെ, ഈ മുണ്ടക്കയം പരിസരത്തു തന്നെ ഉണ്ടായിരുന്നു. അതിനപ്പുറം പോയിട്ടില്ല. ലൗ ജിഹാദും മറ്റുമെല്ലാം രാഷ്ട്രീയ മുതലെടുപ്പിനും ജാതി, വർഗീയ ചിത്രം നൽകാനുമുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ്. അങ്ങനെയൊരു സംഭവം ഞാൻ അന്നും വിശ്വസിച്ചിട്ടില്ല, ഇന്നും വിശ്വസിക്കുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ എന്നെ ഈ സമൂഹം കുറ്റപ്പെടുത്ത ഘട്ടം വന്നപ്പോൾ ഒരു തവണയെങ്കിലും അവൾ വിളിക്കുമായിരുന്നു’’ – ജെയിംസ് പറഞ്ഞു.

‘‘കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ല. അവര്‍ തങ്ങൾ സംശയിക്കുന്ന ജെസ്നയുടെ സുഹൃത്തിന്റെ ഉൾപ്പെടെ നുണപരിശോധന നടത്തി. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ടുള്ള എല്ലാ അന്വേഷണ റിപ്പോർട്ടുകളും ഞാൻ വാങ്ങിയിരുന്നു. ഞാനും എന്റെ ടീമും ചേർന്ന് വിശദമായി പരിശോധിച്ചു. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്.

‘‘ഈ ഏജൻസികൾക്ക് സമാന്തരമായിട്ടാണ് ഞങ്ങൾ ഒരു ടീമായി അന്വേഷണം നടത്തിയത്. ഇപ്പോഴും കേസിന്റെ പുറകേ തന്നെ ഞങ്ങളുണ്ട്. ഞങ്ങളുടെ അന്വേഷണത്തിൽ ലോക്കൽ പൊലീസും സിബിഐയും എത്തിപ്പെടാത്ത ചില പോയിന്റുകൾ ലഭിച്ചു. അതേക്കുറിച്ച് ഞങ്ങൾ സൂചന നൽകിയിട്ടുണ്ട്. അവർ അതിലേക്കു വരുന്നില്ലെങ്കിൽ ഞങ്ങൾ തന്നെ വെളിപ്പെടുത്തേണ്ടി വരും. എന്തായാലും ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ അറിയാം. എല്ലാ കാര്യങ്ങളും 19–ാം തീയതി പറയും.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോൾ സിബിഐ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ജസ്നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ഹർജിയിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദേശം. ജെസ്ന രഹസ്യമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളെക്കുറിച്ചു സിബിഐ അന്വേഷിച്ചില്ലെന്നു ഹർജിയിൽ പറയുന്നു. 6 മാസം കൂടി സിബിഐ അന്വേഷണം നീട്ടണമെന്നും പിതാവ് ആവശ്യപ്പെട്ടു. സംശയമുള്ള ആളുകളെക്കുറിച്ചുള്ള തെളിവുകൾ സിബിഐക്കു കൈമാറിയിരുന്നു.

ജെസ്നയെ കാണാതാകുന്നതിന് ഒരു ദിവസം മുൻപ് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജെസ്ന വീട്ടിൽനിന്നു പോകുന്ന ദിവസവും കടുത്ത രക്തസ്രാവമുണ്ടായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽ ഉപേക്ഷിച്ചാണു ജെസ്ന പോയത്. ക്രൈംഞ്ചാഞ്ച് ഡിവൈഎസ്പി ഈ വസ്ത്രങ്ങൾ വീട്ടിൽനിന്നു ശേഖരിച്ചിരുന്നു. വസ്ത്രങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചാൽ ഏതു തരം രക്തമാണു വസ്ത്രത്തിലുള്ളതെന്നു മനസിലാക്കാം.

സംശയിക്കുന്ന ആളുടെ ചിത്രം ഉൾപ്പെടെ നൽകി കുടുംബം അന്വേഷണത്തെ സഹായിക്കാൻ തയാറാണ്. ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നു സിബിഐ അഭിഭാഷകൻ പറഞ്ഞു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോടു നേരിട്ടു ഹാജരാകാൻ നിർദേശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker