ചണ്ഡീഗഢ്: ഫെബ്രുവരി 13-നാണ് ശുഭ്കരണ്‍ സിങ് എന്ന ഇരുപത്തിയൊന്നുകാരന്‍ കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ബഠിണ്ഡയിലെ വീട്ടില്‍നിന്ന് പുറപ്പെട്ടത്. എട്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഒട്ടേറെ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് ആ ചെറുപ്പക്കാരന്‍ ലോകത്തുനിന്ന് യാത്രയായി. ശുഭ്കരണ്‍ സിങ്ങിന്റെ മരണകാരണത്തെക്കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല.
ശുഭ്കരണ്‍ സിങ്ങിന്റെ മൃതദേഹപരിശോധന നടത്താന്‍ അധികൃതരെ കര്‍ഷകര്‍ അനുവദിക്കുന്നില്ല. ശുഭ്കരണിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുടുംബത്തിലെ ഒരംഗത്തിന് കേന്ദ്രസര്‍ക്കാര്‍ ജോലി നല്‍കണമെന്നുള്ള ആവശ്യവും കര്‍ഷകര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ശുഭ്കരണിന്റെ കുടുംബത്തിന് രണ്ടേക്കര്‍ ഭൂമി മാത്രമാണ് സ്വന്തമായുള്ളതെന്ന് അയല്‍ക്കാര്‍ പറയുന്നു. ശുഭ്കരണിന്റെ അമ്മ മുമ്പേ തന്നെ മരിച്ചുപോയിരുന്നു, അച്ഛനാകട്ടെ മാനസികവൈകല്യമുള്ളയാളും. രണ്ട് സഹോദരിമാരില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. മറ്റേയാള്‍ വിദ്യാര്‍ഥിയും. സഹോദരിയുടെ വിവാഹച്ചെലവുകള്‍ക്കായി എടുത്ത വായ്പ അടച്ചുതീര്‍ക്കാനുണ്ട്. ശുഭ്കരണിന്റേത് ദരിദ്ര കുടുംബമാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.
ശുഭ്കരണിനെ പഞ്ചാബ് സര്‍ക്കാര്‍ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാല്‍ പറഞ്ഞു. അല്ലാത്തപക്ഷം ശുഭ്കരണിന്റെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അഞ്ചംഗബോര്‍ഡിനെ നിയോഗിക്കണമെന്നും ദല്ലേവാല്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ കാര്‍ഷികവിളവിന് താങ്ങുവില ഉറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മാണം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, വിളവിന് ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ ഹരിയാണ പോലീസ് വന്‍സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തിനിടെ പ്രക്ഷോഭകര്‍ പോലീസിന് നേരെ കല്ലുകളും വടികളും വലിച്ചെറിഞ്ഞതോടെ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുന്നതിനിടെ കര്‍ഷകര്‍ക്കെതിരെ പോലീസ് ബലപ്രയോഗം നടത്തുകയാണെന്ന് കര്‍ഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാല്‍ പറഞ്ഞു.
വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷവും ശുഭ്കരണിന്റെ മരണവും സമരപരിപാടി രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലേക്ക് കര്‍ഷകരെ എത്തിച്ചിരിക്കുകയാണ്. അതിനുശേഷമായിരിക്കും സമരത്തിന്റെ അടുത്തഘട്ടത്തിലേക്ക് കര്‍ഷകര്‍ കടക്കുകയെന്നാണ് നിലവില്‍ ലഭ്യമായ വിവരം.