NationalNews

ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ബിഹാറില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ തൂക്കിക്കൊന്നുവെന്ന്‌ വ്യാജ പ്രചാരണം, BJP നേതാവിനെതിരെ കേസ്, ഭയപ്പെടേണ്ടെന്ന് സ്റ്റാലിൻ

ന്യൂഡല്‍ഹി: ബിഹാറില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ തമിഴ്‌നാട്ടില്‍ തൂക്കിലേറ്റിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ബിജെപി യൂണിറ്റ് വക്താവ് പ്രശാന്ത് ഉംറാവുവിനെതിരെയാണ് കേസെടുത്തത്. ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ബിഹാറില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ തൂക്കിക്കൊന്നുവെന്നായിരുന്നു വ്യാജ പ്രചാരണം.

സംഭവത്തില്‍ ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ക്കെതിരെയും പ്രാദേശിക ദിനപത്രമായ തന്‍വില്‍ പോസ്റ്റിന്റെനടത്തിപ്പുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ശത്രുത പരത്തിയെന്ന കുറ്റമാണ് ഉവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ബിഹാറില്‍ നിന്നുള്ള 12 തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിലേറ്റിയെന്നായിരുന്നു വ്യാജ ട്വീറ്റ്. ബിഹാറിത്തൊഴിലാളികള്‍ക്കെതിരെ ഇത്തരത്തിലൊരുആക്രമണമുണ്ടായിട്ടും തേജസ്വി യാദവ് സ്റ്റാലിന്റെ ജന്മദിനാഘോഷപരിപാടിയില്‍ പങ്കെടുത്തതായും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഒന്നിച്ചുള്ള ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് പ്രശാന്ത് ഉംറാവു കുറിച്ചു.

പ്രശാന്തിന്റെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും സൃഷ്ടിച്ചതിനാണ് പ്രശാന്തിനെതിരെ പോലീസ് കേസെടുത്തത്. ശത്രുത പ്രചരിപ്പിച്ചതിനും കലാപങ്ങള്‍ക്ക് ഇടവരുത്തിയതിനുമാണ് ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ക്കെതിരേയും തന്‍വീര്‍ പോസ്റ്റിന്റെ ഉടമക്കെതിരേയും കേസെടുത്തിട്ടുള്ളത്.

ഒരു ബിഹാര്‍ സ്വദേശിയെ ഝാര്‍ഖണ്ഡുകാരന്‍ കൊലചെയ്തതിനെ തമിഴ്നാട്ടില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കെതിരെ നടന്ന ആക്രമണമായി ദൈനിക് ഭാസ്‌കര്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തമിഴ്നാട്ടില്‍ ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരെ ആക്രമണസംഭവങ്ങള്‍ അരങ്ങേറുന്നതായി കഴിഞ്ഞയാഴ്ച വാട്സാപ്പിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുകയും അത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട്, ബിഹാര്‍ സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കുടിയേറ്റ തൊഴിലാളികള്‍ ഒരുതരത്തിലും ഭയപ്പെടേണ്ടതില്ലെന്നും ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ ഉടനെതന്നെ ഹെല്‍പ് ലൈനിലേക്ക് വിളിക്കാനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കുടിയേറ്റ സഹോദരങ്ങളുടെ സുരക്ഷക്കായി തമിഴ്നാട് സര്‍ക്കാരും ജനങ്ങളും എന്നും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ തൊഴിലാളികള്‍ ഭയപ്പെടേണ്ടതില്ലെന്ന് തമിഴ്നാട് ജില്ലാ കളക്ടര്‍മാര്‍ ഹിന്ദിയില്‍ത്തന്നെ അറിയിപ്പുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.

തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ വ്യാജവാര്‍ത്തകളുടെ പ്രചാരണം തടയാന്‍ എന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് സേന സാമൂഹികമാധ്യമങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലുള്ള തൊഴിലാളികളെ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അയച്ചതായി സ്റ്റാലിന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button