കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പിൽ മലയാളി വൈദികന് നഷ്ടമായത് 1.41 കോടി രൂപ. 850 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത ട്രേഡിങ് ആപ്പിൽ 67 ലക്ഷം രൂപയ്ക്ക് വൻ ലാഭം നൽകിയ ശേഷമായിരുന്നു തട്ടിപ്പ്. ആദ്യം 50 ലക്ഷം രൂപയും പിന്നാലെ 17 ലക്ഷം രൂപയും വൈദികൻ ട്രേഡിങ് ആപ്പിൽ നിക്ഷേപിച്ചു.
ഇതിന് സംഘം വാഗ്ദാനം ചെയ്ത അമിത ലാഭം വൈദികന് ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കാസർഗോഡ് സ്വദേശിയായ വൈദികൻ പൊലീസിൽ പരാതി നൽകിയത്. വൈദികന് തട്ടിപ്പ് സംഘം നൽകിയത് പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പാണെന്നാണ് പൊലീസ് തട്ടിപ്പിനേക്കുറിച്ച് വിശദമാക്കുന്നത്.
തുടക്കത്തിൽ വൻ ലാഭം നേടിയതിന് പിന്നാലെ വൈദികൻ പലരിൽ നിന്നായി സമാഹരിച്ച് 1.41 കോടി രൂപ ട്രേഡിങ് ആപ്പിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിന് പിന്നാലെ വൈദികന് ട്രേഡിങ് ആപ്പ് സംഘവുമായി ബന്ധപ്പെടാൻ സാധ്യമാകാതെ വരികയായിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിൽ കുടുങ്ങിയതായി വൈദികന് മനസിലായത്.
കാസർഗോഡ് സ്വദേശിയായ വൈദികൻ കോതനല്ലൂരിലെ പള്ളിയിൽ സേവനം ചെയ്തു വരുന്നതിനിടയിലാണ് തട്ടിപ്പിൽ കുടുങ്ങിയത്. വൈദികന്റെ പരാതിയിൽ കടുത്തുരുത്തി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ വടക്കേ ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് വ്യക്തമായിട്ടുണ്ട്. ഈ അക്കൗണ്ടിൽ നിന്ന് മറ്റു പല അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം നടന്നതായും വ്യക്താമായിട്ടുണ്ട്. പരാതി ലഭിച്ച ഉടൻതന്നെ ഇടപെട്ടതിനാൽ 28 ലക്ഷം രൂപ ഈ ബാങ്ക് അക്കൌണ്ടിൽ ഫ്രീസ് ചെയ്യിക്കാൻ പൊലീസിന് സാധിച്ചിട്ടുണ്ട്.