മോന്‍സണ്‍ മോഡല്‍ വീണ്ടും,കവടിയാര്‍ കൊട്ടാരത്തിലെ 20 കോടിയുടെ തങ്കവിഗ്രഹം,വ്യാജപുരാവസ്തു തട്ടിപ്പില്‍ 7 പേര്‍ പിടിയില്‍
തൃശ്ശൂര്‍: തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ കയ്യിലുണ്ടായ തങ്ക വിഗ്രഹം എന്ന് പറഞ്ഞ് വ്യാജ പുരവസ്തു തട്ടിപ്പിന് ശ്രമിച്ച സംഘം പിടിയില്‍.20 കോടിക്ക് വിഗ്രഹം വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് എഴംഗ സംഘം തൃശ്ശൂര്‍ നിഴല്‍ പൊലീസിന്‍റെ പിടിയിലായത്.
പാവറട്ടി പാടൂര്‍ മതിലകത്ത് അബ്ദുള്‍ മജീദ് (65), തിരുവനന്തപുരം തിരുമല സ്വദേശിയായ ഗീത റാണി (63), പത്തനംതിട്ട കളരിക്കല്‍ സ്വദേശി ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം സ്വദേശി ഉണ്ണികൃഷ്ണന്‍ (33), സുജിത് രാജ് (39), കറമ്ബക്കാട്ടില്‍ ജിജു (45), തച്ചിലേത്ത് അനില്‍ കുമാര്‍ (40) എന്നിവരാണ് പിടിയിലായത്.
പാവറട്ടി പാടൂരിലെ വീട് കേന്ദ്രീകരിച്ച് വിഗ്രഹവില്‍പ്പന സംഘം പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നിഴല്‍ പൊലീസ് സംഘത്തിനായി വല വിരിച്ചത്. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും മോഷണം പോയത് എന്ന് അവകാശപ്പെട്ട് 20 കോടി വില പറഞ്ഞ് ഇവര്‍ അവതരിപ്പിച്ച വിഗ്രഗം ഈയത്തില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന് കണ്ടെത്തി. 5 വര്‍ഷം മുന്‍പ് ഈയത്തില്‍ നിര്‍മിച്ചതാണു വിഗ്രഹമെന്നു പ്രതികള്‍ തന്നെ സമ്മതിച്ചു.
വില്‍പ്പനയില്‍ സംശയം തോന്നാതിരിക്കാന്‍ വിഗ്രഹം സ്വര്‍ണ്ണമാണ് എന്ന് തെളിയിക്കുന്ന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്, വിഗ്രഹത്തിന്‍റെ പഴക്കം നിര്‍ണ്ണയിക്കുന്ന അര്‍ക്കിയോളജി റിപ്പോര്‍ട്ട്, കോടതിയില്‍ നിന്നുള്ള ബാധ്യത ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് എന്നിവയും വ്യാജമായി ഉണ്ടാക്കി സംഘം കരുതിയിരുന്നു.
വിഗ്രഹത്തിന്‍റെ പ്രധാന്യം വിവരിക്കാന്‍ പൂജാരിയെന്ന് അഭിനയിച്ചാണ് മൂന്നാംപ്രതി ഷാജിയെ സംഘം ഇടപാടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. ബ്രഹ്മദത്തന്‍ നമ്ബൂതിരി എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇവരെ പിടികൂടിയ ശേഷം പൊലീസിനോടും ഇതു തന്നെ ഇയാള്‍ പറഞ്ഞു. എന്നാല്‍, വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഷാജിയെന്നാണ് യഥാര്‍ഥ പേരെന്നു ഇയാള്‍ സമ്മതിച്ചു. മൂന്ന് ആഡംബര കാറുകളിലായിരുന്നു സംഘത്തിന്‍റെ സഞ്ചാരം. ഇതു പൊലീസ് പിടിച്ചെടുത്തു