News

‘നാലു തീഗോളങ്ങള്‍ താഴേക്ക് പതിച്ചു, തീപിടിച്ച ആളുകളായിരുന്നു അത്’; ദുരന്തത്തിന് ദൃക്‌സാക്ഷിയായി നഞ്ചപ്പസത്രം

കോയമ്പത്തൂര്‍: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെയാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്ന ഞെട്ടലിലാണ് കൂനൂരിലെ നഞ്ചപ്പസത്രത്തിലെ കോളനി നിവാസി കൃഷ്ണസ്വാമി (68). ഹെലികോപ്റ്റര്‍ നിയന്ത്രണംവിട്ടപോലെ ഒരു മരത്തിലിടിച്ച് തീപിടിക്കുന്നതാണ് കൃഷ്ണസ്വാമി ആദ്യം കണ്ടത്. തൊട്ടുപിന്നാലെ നാലു തീഗോളങ്ങള്‍ താഴേക്ക് പതിച്ചു. തീ പിടിച്ച ആളുകളായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്.

കൂലിപ്പണിക്കാരനായ കൃഷ്ണസ്വാമി വീടിനു മുന്നിലെ പൈപ്പില്‍ നിന്നു വെള്ളമെടുക്കാന്‍ ഇറങ്ങിയപ്പോഴാണ് 150 മീറ്റര്‍ അകലെ കോപ്റ്റര്‍ തകര്‍ന്നുവീണത്. കനത്ത കോടമഞ്ഞായിരുന്നു. അതിനിടയിലൂടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടപോലെയെത്തി ഒരു മരത്തിലിടിച്ചു തീപിടിക്കുന്നതാണ് ആദ്യം കണ്ടത്. തൊട്ടു പിന്നാലെ നാല് തീഗോളങ്ങള്‍ താഴേയ്ക്കു പതിച്ചു. തീപിടിച്ച ആളുകളായിരുന്നു അത്. ഹെലികോപ്റ്റര്‍ കറങ്ങിച്ചെന്ന് ഏകദേശം 50 മീറ്റര്‍ അകലെ കാട്ടിലെ കൊക്കയിലെ മറ്റൊരു മരത്തില്‍ ഇടിച്ചു കത്തിക്കൊണ്ടുതന്നെ താഴേക്കു തകര്‍ന്നുവീണു. -കൃഷ്ണസ്വാമി വ്യക്തമാക്കി.

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതു കണ്ട് സമീപമുള്ള നാലഞ്ചു വീടുകളില്‍ നിന്നുള്ളവര്‍ അടുത്തേക്ക് ഒാടിച്ചെന്നെങ്കിലും അഗ്‌നിനാളങ്ങള്‍ക്കും ചെറു പൊട്ടിത്തെറികള്‍ക്കുമിടയില്‍ കാര്യമായൊന്നും ചെയ്യാനായില്ല. കൃഷ്ണസ്വാമിയുടെ വീടിന് ഏതാണ്ട് 150 മീറ്റര്‍ അകലെ വനഭൂമിയിലാണ് കോപ്റ്റര്‍ കത്തിവീണത്. വലിയ മരങ്ങള്‍ മുറിഞ്ഞുവീണ നിലയിലായിരുന്നു. വലിയ ശബ്ദമുണ്ടായി. ആകെ പേടിച്ചുപോയെന്നാണ് അദ്ദേഹം പറയുന്നത്.

ശങ്കര്‍ എന്നയാളുടെ വീടിനു മുകളില്‍ തീ പിടിച്ച കോപ്റ്റര്‍ ചിറകിന്റെ ഒരു കഷണം വീണെങ്കിലും കാര്യമായ നാശനഷ്ടമൊന്നുമുണ്ടായില്ല.തുടക്കസമയത്ത് പൊലീസിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് പ്രദേശവാസികളായിരുന്നു. ദുര്‍ഘടമായ പ്രദേശമായിരുന്നതിനാല്‍ ഫയര്‍ഫോഴ്‌സ് എഞ്ചിനുകള്‍ക്ക് പ്രദേശത്ത് എത്താന്‍ താമസമുണ്ടായി.

ഇത് രക്ഷാപ്രവര്‍ത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളില്‍ വെള്ളം നിറച്ചാണ് ആദ്യം തീയണയ്ക്കാന്‍ ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ തുണിയും വെള്ളവും പാത്രവുമൊക്കെയായി സത്രത്തിലെ നാട്ടുകാര്‍ സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker