വ്യാപാര കലഹത്തിന് താല്‍ക്കാലിക വിരാമമിട്ട് അമേരിക്ക; മെക്സികോയ്ക്ക് അധിക ഇറക്കുമതി ചുങ്കം ചുമത്താനുള്ള തീരുമാനം ഒരു മാസത്തേക്ക് മരവിപ്പിച്ചു
വാഷിങ്ടണ്‍: ചര്‍ച്ചകള്‍ അവസാന മിനിറ്റില്‍ ഫലം കണ്ടു.മെക്സികോയ്ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്താനുള്ള യുഎസ് തീരുമാനം ഒരു മാസത്തേക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മരവിപ്പിച്ചു. എന്നാല്‍, കാനഡയുമായുള്ള കൂടിയാലോചനകള്‍ ഫലപ്രദമായില്ല.
ആഗോള വ്യാപാരയുദ്ധത്തിന് ട്രംപിന്റെ നടപടികള്‍ വഴിമരുന്നിട്ടതിനിടെ, ആഗോള വിപണിയിലും തകര്‍ച്ച നേരിട്ടിരുന്നു. ട്രംപും മെക്സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷൈന്‍ബൗവും ഇറക്കുമതി ചുങ്കം മരവിപ്പിച്ച കാര്യം അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് തീരുവ വര്‍ധന നിലവില്‍ വരാനിരുന്നത്. തിങ്കളാഴ്ച ട്രംപും ക്ലൗഡിയയും മുക്കാല്‍ മണിക്കൂറോളം ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം എന്നാണ് സൂചന. വളരെ സൗഹാര്‍ദ്ദപരമായ സംഭാഷണം എന്നാണ് ക്ലൗഡിയയുമായുള്ള സംഭാഷണത്തെ ട്രംപ് വിശേഷിപ്പിച്ചത്.
യുഎസുമായുള്ള അതിര്‍ത്തിയില്‍ 10,000 സൈനികരെക്കൂടി വിന്യസിക്കാമെന്ന് മെക്സിക്കോ യുഎസിന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ക്ലൗഡിയ പറഞ്ഞു. യുഎസിലേക്കുള്ള ലഹരിമരുന്ന് കള്ളക്കടത്ത് തടയുക എന്നതായിരിക്കും ഇവരുടെ പ്രധാന ദൗത്യം. മെക്സിക്കോയ്ക്കുമേല്‍ തീരുവ ചുമത്തുന്നതിന് ട്രംപ് പ്രധാന കാരണമായി പറഞ്ഞിരുന്നത് തെക്കന്‍ അതിര്‍ത്തിയിലൂടെയുള്ള ലഹരിമരുന്ന് കടത്ത് തടയുന്നില്ല എന്നതായിരുന്നു.
കാനഡയുടെ തീരുവ വര്‍ധനയുമായി ബന്ധപ്പെട്ട് താന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും ചര്‍ച്ച നടത്തിയെന്നും വീണ്ടും ഒരു വട്ടം കൂടി കൂടിയാലോചിക്കുമെന്നുമാണ് ട്രംപ് അറിയിച്ചത്. എന്നാല്‍, കാനഡയുമായുള്ള ചര്‍ച്ച സുഖകരമായ രീതിയില്‍ അല്ല പുരോഗമിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധികനികുതി ചുമത്തി കാനഡ കഴിഞ്ഞദിവസം തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കക്കൊപ്പം നിന്നിട്ടുണ്ടെന്നുള്ള കാര്യം ഓര്‍ക്കണമെന്നും അമേരിക്കയെ സുവര്‍ണകാലഘട്ടത്തിലേക്ക് നയിക്കാനുള്ള മാര്‍ഗം കാനഡയുമായുള്ള പങ്കാളിത്തമാണെന്നും ട്രൂഡോ പറഞ്ഞു.
കാനഡക്കാരോട് യു.എസ്. കാണിച്ചത് വഞ്ചനയാണ്. അഫ്ഗാനിസ്ഥാനില്‍ യു.എസിനൊപ്പം കനേഡിയന്‍സൈന്യം പോരാട്ടത്തിനിറങ്ങി. കാലിഫോര്‍ണിയയിലെ കാട്ടുതീമുതല്‍ കത്രീനാ ചുഴലിക്കാറ്റുവരെയുള്ള പ്രതിസന്ധികളിലെല്ലാം കാനഡ യു.എസിനൊപ്പം നിന്നു. അത് അമേരിക്കക്കാര്‍ ഓര്‍ക്കണം. നോര്‍മാന്‍ഡി ബീച്ചില്‍ നിന്ന് കൊറിയ വരെ, കാണ്ഡഹാര്‍ തെരുവുകള്‍ വരെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഒരുമിച്ച് പോരാടുകയും മരിക്കുകയും ചെയ്തു. – ട്രൂഡോ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയെ പുതിയൊരു സുവര്‍ണകാലഘട്ടത്തിലേക്ക് നയിക്കണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഏറ്റവും മികച്ച വഴി കാനഡയുമായുള്ള പങ്കാളിത്തമാണെന്നും അല്ലാതെ തങ്ങളെ ശിക്ഷിക്കലല്ലെന്നും ട്രൂഡോ പറഞ്ഞു. നേരത്തേ രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് എത്തുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25% ഇറക്കുമതി നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തിരിച്ചടിയെന്നോണമാണ് കാനഡയുടെ നടപടി.
അമേരിക്കന്‍ ഭീഷണി നേരിടാനുള്ള പ്ലാന്‍ ബി തയ്യാറാക്കി വരികയാണെന്നാണ് മെക്സിക്കോ പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും തിരികെ 25 ശതമാനം ഇറക്കുമതി ചുമത്താനായിരുന്നു നീക്കം മയക്കുമരുന്ന് കടത്ത്് സംഘങ്ങളുമായി മെക്സിക്കോ സര്‍ക്കാരിന് ബന്ധമുണ്ടെന്ന ട്രംപിന്റെ ആരോപണം മെക്സിക്കന്‍ സര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തു. അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന 20 ശതമാനത്തോളം പന്നിമാംസവും ചീസും സ്റ്റീലും അലുമിനിയവും ഇറക്കുമതി ചെയ്യുന്നത് മെക്സിക്കോയില്‍ നിന്നാണ്.
ഇക്കാര്യത്തില്‍ അമേരിക്കന്‍ ജനത ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികമാണെന്നും ഭാവിയില്‍ രാജ്യത്തിന് ഇത് ഗുണം ചെയ്യും എന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതിനിടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് നേരേയും ട്രംപ് ഇറക്കുതി തീരുവ വര്‍ദ്ധിപ്പിക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്. കാനഡ അമേരിക്കയുടെ അമ്പത്തി ഒന്നാമത് സംസ്ഥാനമായി മാറിയാല്‍ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കാം എന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി വൈവെറ്റേ കൂപ്പര്‍ ട്രംപിന്റെ നടപടികള്‍ ആഗോളതലത്തില്‍ തന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടെ അമേരിക്കയുടെ തീരുമാനത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ചൈന.
ലോകവ്യാപാര സംഘടനയില്‍ പരാതി നല്‍കാനാണ് ചൈനയുടെ നീക്കം. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ട്രംപിന്റെ നിലപാടിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
അമേരിക്കന്‍ ഇറക്കുമതിയുടെ 40 ശതമാനവും മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. ട്രംപിന്റെ നയങ്ങള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് തന്നെ കാരണമായേക്കുമെന്നാണ് പലരും ഇപ്പോള്‍ ഭയപ്പെടുന്നത്.