ബെംഗളൂരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയെന്ന് കരുതുന്ന ലോറി ഡ്രൈവർ അർജുനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അർജുൻ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മനാഫ്. ജി.പി.എസ് ട്രാക്ക് ചെയ്ത് അധികാരികളെ അറിയിച്ചെങ്കിലും ചൂണ്ടിക്കാട്ടുന്ന പ്രദേശം പരിശോധിക്കാൻ കർണാടക പോലീസ് തയ്യാറാകുന്നില്ലെന്നും മനാഫ് പറഞ്ഞു.
ജി.പി.എസ് ട്രാക്ക് ചെയ്ത് കാണിക്കുന്ന സ്ഥലത്തെ മണ്ണുമാറ്റി പരിശോധിക്കുന്നില്ല. ഭാരത് ബെൻസിലെ എൻജിനിയർമാരോട് സംസാരിച്ചതിന് ശേഷമാണ് ട്രാക്കിങ് വിവരങ്ങൾ കൈമാറിയത്. എന്നാൽ, അതിശക്തമായ മഴയിൽ ലോറി ഒലിച്ചു പുഴയിൽ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, അങ്ങനെയാണെങ്കിൽ ജി.പി.എസ് ട്രാക്കിങ് പുഴയിലാണ് കാണിക്കേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം.
ലോറി നിർത്തിയിട്ട അതേ പ്രദേശത്താണ് ഇപ്പോഴും ജി.പി.എസ് ലോക്കേഷൻ കാണിക്കുന്നത്. പത്ത് മീറ്ററിലധിം ഈ പറയുന്ന സ്ഥലത്തുനിന്ന് ലോറി മാറാനുള്ള സാധ്യതയില്ല. മരമടക്കം 40 ടൺ ഭാരമുള്ള ലോറിയാണിത്. അത് നീങ്ങിലെന്ന് പറയാനാകില്ലെങ്കിലും അവിടെ തന്നയുണ്ടാകുമെന്നാണ് തങ്ങളുടെ അനുമാനം.
‘മണ്ണ് മാറ്റുന്ന ജോലി ഇപ്പോൾ നടക്കുന്നില്ല. മൂന്ന് ദിവസമായി മണ്ണ് ഇടിയുമെന്ന് പറഞ്ഞാണ് ജോലി പതുക്കെയാക്കിയത്. ഇതുവരെ മണ്ണിടിഞ്ഞിട്ടില്ല. രാത്രി ഇവര്‍ മണ്ണ് മാറ്റുന്നില്ല. വെളിച്ചക്കുറവുണ്ടെന്നാണ് പറയുന്നത്. തങ്ങള്‍ വെളിച്ചത്തിനുള്ള സംവിധാനമൊരുക്കാമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല’, മനാഫ് പറഞ്ഞു.
പ്രദേശത്ത് ചെറിയതോതിൽ മഴപെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ സഹോദരനും അർജുന്റെ സഹോദരനും സ്ഥലത്തുണ്ട്. താൻ ഇന്നാണ് സ്ഥലത്തെത്തിയത്. അർജുന്റെ ഫോൺ ഇന്ന് ഓണായെന്നാണ് വിവരം. ഇന്നലേയും രണ്ട് തവണ ഫോൺ ഓണായിരുന്നു. ലോറിക്കുള്ളിൽനിന്ന് അർജുൻ ഫോൺ ഓൺ ചെയ്യാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതായും മനാഫ് പറഞ്ഞു.