എറണാകുളം: കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറേ മോറയ്ക്കാലയില്‍ വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്പന നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിയെ ജില്ലാ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം അറസ്റ്റ് ചെയ്തു.മണക്കാട് വാസുദേവം ശ്രീവരാഹം വീട്ടില്‍ വിഷ്ണു തമ്പി (34) യെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴ് ഗ്രാം എം.ഡി.എം.എ.യും 200 ഗ്രാം മരിജുവാനയും പിടിച്ചെടുത്തു.
ഇയാളോടൊപ്പം ഒരു ബെംഗളൂരു സ്വദേശിയും രണ്ടു വിദേശവനിതകളും ഉണ്ടായിരുന്നു. അവര്‍ എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഡി.ജെ. പാര്‍ട്ടിയില്‍ സംബന്ധിക്കാന്‍ എത്തിയവരാണെന്നാണ് എക്‌സൈസിനും കുന്നത്തുനാട് പോലീസിനും ലഭിച്ച വിവരം.
അവരില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ കുന്നത്തുനാട് പോലീസ് ശേഖരിക്കുകയാണ്. എറണാകുളം അസി. എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പടിഞ്ഞാറേ മോറയ്ക്കാലയിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍. ജിനീഷ്, ഓഫീസര്‍മാരായ എം.എം. അരുണ്‍കുമാര്‍, ബനന്ത്കുമാര്‍, കാര്‍ത്തിക്, ജിതിന്‍, ബദര്‍, നിഷ എന്നിവരുമുണ്ടായിരുന്നു.
കിഴക്കമ്പലം: മോറയ്ക്കാല-ഇടച്ചിറ റോഡില്‍ പടിഞ്ഞാറെ മോറയ്ക്കാലയിലെ വീട് വാടകക്കെടുത്ത് തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്പി (34) ആറുമാസത്തിലധികമായി കഞ്ചാവ് വില്പനയും വിപണനവും നടത്തുന്നു.ട്രാവല്‍ ഏജന്‍സി തുടങ്ങാനെന്ന പേരുപറഞ്ഞാണ് വീട് വാടകക്കെടുത്തത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞ് എക്സൈസ് സംഘവും പോലീസും വീട്ടിലെത്തിയതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പകച്ചുപോയി. തൊട്ടുമുന്നിലെ റോഡിലൂടെ ദിവസവും യാത്ര ചെയ്തവരും സമീപസ്ഥരും ഒന്നും അറിഞ്ഞിരുന്നില്ല. ഏഴ് നായ്കളാണ് ലഹരിവില്പനകേന്ദ്രത്തെ സംരക്ഷിച്ചത്.
വാടകവീട്ടിലെ തൊഴുത്തിലും വീട്ടിലെ ഒരുമുറിയിലുമായി താമസിപ്പിച്ചിരുന്ന ഏഴു നായ്ക്കളാണ് കഞ്ചാവ് വില്പനക്കാരന്‍ വിഷ്ണു തമ്പിയെ സംരക്ഷിച്ചിരുന്നത്. മികച്ച ഇനം ഏഴു നായ്ക്കളെ രാവിലെ വീട്ടില്‍ നിന്ന് മുറ്റത്തേക്കു അഴിച്ചുവിടും. പിന്നെ ആരും വീട്ടിലേക്ക് വരില്ല. തിരിഞ്ഞുനോക്കുകയുമില്ല. ഇതായിരുന്നു സ്ഥിരം ചെയ്തിരുന്നത്. വീട്ടില്‍ വിശിഷ്ട ഭക്ഷണങ്ങളും പാനീയങ്ങളും വിദേശ സിഗരറ്റുകളും ഉണ്ടായിരുന്നു.അതോടൊപ്പം സംഗീതപരിപാടികള്‍ക്കായുള്ള ഉപകരണങ്ങളും മുറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡി.ജെ. പാര്‍ട്ടിക്കുള്ള മുഴുവന്‍ സംവിധാനങ്ങളുമുണ്ട്.