മുംബൈ: ലോട്ടറി രാജാവ് എന്ന പേരിൽ അറിയപ്പെടുന്ന പ്രമുഖ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വസതികളിലും കേന്ദ്രങ്ങളും പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാന്റിയാഗോ മാർട്ടിന്റെ മരുമകനും വിസികെ നേതാവുമായ അർജുൻ ആധവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്
2019 മുതൽ 2024 വരെയുള്ള കാലയളവിൽ ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ മാർട്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അന്വേഷണം. വിഷയത്തിൽ ഏജൻസികൾക്ക് അന്വേഷണവും പരിശോധനയും തുടരാമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെയാണ് നീക്കം.
2012ൽ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി. അന്ന് മാർട്ടിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണക്കിൽപെടാത്ത 7.50 കോടി രൂപ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പിന്നാലെ കള്ളപ്പണം വെളുപ്പിച്ചെന്ന് കാണിച്ച് ഇഡി കേസെടുത്തു. കേസിൽ കഴിഞ്ഞ വർഷം നടന്ന റെയ്ഡിൽ സാന്റിയാഗോ മാർട്ടിന്റെ 450 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
നേരത്തെ സാന്റിയാഗോ മാർട്ടിനെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കി അന്വേഷണം അവസാനിപ്പിക്കാൻ തമിഴ്നാട് പോലീസ് നൽകിയ അപേക്ഷ കീഴ്ക്കോടതി അനുവദിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിഷയത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസിയെ അനുവദിക്കുകയായിരുന്നു.