InternationalNews

ഭൂകമ്പത്തോടെ സൃഷ്ടിക്കപ്പെട്ടത് 334 ആറ്റം ബോംബുകളുടെ ശേഷിയ്ക്ക് സമാനമായ ഊർജ്ജം; പ്രഭവകേന്ദ്രം മ്യാന്‍മാറിലെ മാന്‍ഡലേയിന് സമീപം; പന്ത്രണ്ടോളം തുടര്‍ചലനങ്ങള്‍

നയ്പിഡോ: മ്യാന്‍മാറിലും തായ്ലാന്‍ഡിലും വലിയ നാശനഷ്ടം വിതച്ച് ഭൂകമ്പം. ശക്തിയേറിയ ഈ ഭൂകമ്പം ഭൂമിയെ തകര്‍ത്തിരിക്കുകയാണ്. 334 ആറ്റം ബോംബുകളുടെ ശേഷിയോട് സമാനമായ ഊജ്ജമാണ് ഈ പ്രകൃതി ദുരന്തം സൃഷ്ടിച്ചതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മ്യാന്‍മാറിലെ മാന്‍ഡലേയിന് സമീപത്താണെന്നും പന്ത്രണ്ടോളം തുടര്‍ചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുഎസ്ജിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രശസ്ത ജിയോളജിസ്റ്റായ ജെസ് ഫെനിക്സ് സിഎന്‍എന്നിനോട് പ്രതികരിക്കുകയായിരുന്നു. ദുരന്തത്തിന്റെ പൂര്‍ണവ്യാപ്തി മനസിലാക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്നതായും ഫെനിക്സ് പറഞ്ഞു. മ്യാന്‍മാറിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ആശയവിനിമയത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ മൂലം പുറംലോകത്തിന് ദുരന്തത്തിന്റെ വ്യാപ്തി അറിയാനാകുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു വലിയ കത്തി ഭൂമിയെ പിളര്‍ക്കുന്നതുപോലെയായിരുന്നു ഈ ഭൂകമ്പമെന്നാണ് ഒരു സീസ്മോളജിസ്റ്റ് അഭിപ്രായപ്പെട്ടത്.

വെള്ളിയാഴ്ച 10 മണിക്കൂറിനിടയില്‍ ഏതാണ്ട് 15 ഭൂകമ്പങ്ങള്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയും മ്യാന്മാറില്‍ രണ്ട് ഭൂകമ്പങ്ങളുണ്ടായതായി യുഎസ്ജിഎസ് പറയുന്നു. 5.1,4.2 തീവ്രതകളിലുള്ള ഭൂകമ്പങ്ങളാണുണ്ടായത്. ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ തോതില്‍ ആള്‍നാശവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായേക്കാമെന്നും മരണസംഖ്യ 10,000 കവിയാന്‍ സാധ്യതയുണ്ടെന്നും നേരത്തേ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഭൂകമ്പത്തില്‍ ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ പുറത്ത് വരുന്ന കണക്ക് അനുസരിച്ച് 1600 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാനമായ നയ്പിഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്. മരിച്ചവരുടെ എണ്ണം 1,644 ആയി ഉയര്‍ന്നതായും 3,408 പേര്‍ക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍രാജ്യമായ തായ്ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേരാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker