ഒന്നെങ്കില്‍ ഉമ്മ വെക്കും, അല്ലെങ്കില്‍ ഗര്‍ഭിണിയാക്കും; നായികമാരോട് ചെയ്യുന്നതിനെപ്പറ്റി ബാലയ്യ
ഹൈദരാബാദ്:തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് നന്ദമുരി ബാലകൃഷ്ണ എന്ന ആരാധകരുടെ ബാലയ്യ. ഹിറ്റുകള്‍ ഒരുപാടുള്ള കരിയര്‍. സമീപകാലത്തിറങ്ങിയ സിനിമകളിലെ ഓവര്‍ ദി ടോപ് ആക്ഷന്‍ രംഗങ്ങളുടെ പേരില്‍ ബാലയ്യയെ സോഷ്യല്‍ മീഡിയ ട്രോളാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കരിയറിലെ വിജയങ്ങളും ആരാധകവൃന്ദവും സമാനതകളില്ലാത്തതാണ്. ഹിറ്റുകള്‍ക്കൊപ്പം തന്നെ വിവാദങ്ങളും ബാലയ്യയുടെ കരിയറിലുടനീളം കാണാം.
തന്റെ നാക്ക് ബലയ്യയെ വെട്ടിലാക്കിയതിന് കയ്യും കണക്കുമില്ല. പൊതുവേദിയില്‍ മറ്റുള്ളവരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലും കുപ്രസിദ്ധമായ പ്രസ്താവനകള്‍ നടത്തിയുമൊക്കെ ബാലയ്യ വെട്ടിലായിട്ടുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു ബാലയ്യ തന്റെ നായികമാരെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം.
സിനിമാ താരം എന്നത് പോലെ തന്നെ രാഷ്ട്രീയത്തിലും സാന്നിധ്യമുള്ള വ്യക്തിയാണ് ബാലയ്യ. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ മിക്കവരേയും പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട് ബാലയ്യ. ആന്ധ്രാ പ്രദേശിലെ ഹിന്ദുപൂരില്‍ നിന്നുമുള്ള എംഎല്‍എ ആയിരുന്നു ബാലയ്യ. ഈ കാലത്താണ് ബാലയ്യ വിവാദമായൊരു പ്രസ്താവന നടത്തുന്നത്.
സാവിത്രി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. താന്‍ നായകനായ സിനിമകളില്‍ താന്‍ നായികമാരുടെ പിന്നാലെ വെറുതെ നടക്കുകയാണെങ്കില്‍ ആരാധകര്‍ അത് അംഗീകരിക്കില്ലെന്നാണ് ബാലയ്യ പറഞ്ഞത്. ”ഒന്നെങ്കില്‍ ഞാനവരെ ഉമ്മ വെക്കണം, അല്ലെങ്കില്‍ അവരെ ഗര്‍ഭിണിയാക്കണം” എന്നാല്‍ മാത്രമേ തന്റെ ആരാധകര്‍ അംഗീകരിക്കുകയുള്ളൂവെന്നാണ് ബാലയ്യ പറഞ്ഞത്. അതുകൊണ്ട് തന്നെ താന്‍ നായികമാരെ നുള്ളുകയോ മറ്റോ ചെയ്യാറുണ്ടെന്നും ബാലയ്യ പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ വലിയ വിവാദമായി മാറി. താരത്തിനെതിരെ അഭിഭാഷകരുടെ സംഘടന പരാതി നല്‍കുകയും ചെയ്തു. ബാലയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ നടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ആര്‍കെ റോജയും പരസ്യമായി രംഗത്തെത്തി. ബാലയ്യ പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു റോജ പറഞ്ഞത്.
”നേതാക്കള്‍ തന്നെ ഇങ്ങനെ സ്ത്രീവിരുദ്ധമായി സംസാരിക്കുമ്പോള്‍ എങ്ങനെയാണ് സമൂഹത്തില്‍ സ്ത്രീകള്‍ ബഹുമാനിക്കപ്പെടുക. സംഭവത്തില്‍ സര്‍ക്കാര്‍ തന്നെ മാപ്പ് പറയണം” എന്നും റോജ പറഞ്ഞു. നടിമാരുടെ സാന്നിധ്യത്തിലായിരുന്നു ബാലയ്യയുടെ വിവാദ പരാമര്‍ശം. താരത്തിന്റെ പ്രസ്താവനയില്‍ അവരെല്ലാം അസ്വസ്ഥരാണെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ ബാലയ്യവിശദീകരണവുമായി രംഗത്തെത്തി.
”എനിക്ക് സ്ത്രീകളോട് അതിയായ ബാഹുമാനമുണ്ട്. ഞാന്‍ ആരേയും ലക്ഷ്യമാക്കാന്‍ വേണ്ടിയല്ല അങ്ങനൊരു പ്രസ്താവന നടത്തിയത്. ആരാധകരുടെ മാനസികാവസ്ഥ എന്താണെന്ന് പറയുക മാത്രമാണ് ചെയ്തത്” എന്നായിരുന്നു ബാലയ്യയുടെ വിശദീകരണം. എന്തായാലും സംഭവം ബാലയ്യയുടെ കരിയറിലെ എക്കാലത്തേയും വലിയ വിവാദങ്ങളിലൊന്നായി തുടരുകയാണ്.
നേരത്തെ വേദിയില്‍ വച്ച് മറ്റൊരു നടനോട് ദേഷ്യപ്പെട്ടതിന്റെ പേരിലും ഫോണ്‍ വലിച്ചെറിഞ്ഞതിന്റെ പേരിലുമൊക്കെ ബാലയ്യ വിവാദത്തില്‍ പെട്ടിട്ടുണ്ട്. ആരാധകനെ തല്ലിയതിന്റെ പേരിലും ബാലയ്യ വിവാദത്തില്‍ പെട്ടിട്ടുണ്ട്. തന്റെ ഇത്തരം ചെയ്തികളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് ബാലയ്യ. വിവാദങ്ങള്‍ ബാലയ്യയ്ക്ക് പുത്തരിയല്ലെന്നതാണ് വസ്തുത.
വീര സിംഹ റെഡ്ഡിയാണ് ബാലയ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹണി റോസ് ആയിരുന്നു ചിത്രത്തിലെ നായിക. ബാലകൃഷ്ണ ഇരട്ട വേഷത്തിലെത്തിയ സിനിമ പക്ഷെ തീയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നേരിടുകയും ചെയ്തു. കേസരിയാണ് ബാലയ്യയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ടീസര്‍ ഈയ്യടുത്താണ് പുറത്തിറങ്ങിയത്. വീര സിംഹ റെഡ്ഡിയുടെ പരാജയം ഈ ചിത്രത്തിലെ മറികടക്കാനാകുമെന്നാണ് ബാലകൃഷ്ണയും ആരാധകരും പ്രതീക്ഷിക്കുന്നത്.