ലിയോണ്‍: റസ്‌റ്റോറന്റ് സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് നേരെ മുട്ടയെറിഞ്ഞു. ലിയോണില്‍ നടന്ന അന്താരാഷ്ട്ര കേറ്ററിങ് ആന്‍ഡ് ഹോട്ടല്‍ ട്രെയ്ഡ് ഫെയറിനിടെയാണ് സംഭവം. മുട്ട അദ്ദേഹത്തിന്റെ ചുമലില്‍ തട്ടിയെങ്കിലും പൊട്ടിയില്ല. മുട്ടയെറിഞ്ഞ യുവാവിനെ പൊലീസ് കീഴടക്കി മറ്റൊരു മുറിയിലേക്ക് മാറ്റി. ഇയാളുമായി സംസാരിക്കാന്‍ ശ്രമിക്കുമെന്ന് മക്രോണ്‍ പിന്നീട് പറഞ്ഞു.
Either @EmmanuelMacron is protected by an invisible shield or someone just threw a boiled egg. pic.twitter.com/JTf5fZsAMf
— 🆃🅷🅴 🅼🅰🆁🅺🅴🆃 🅳🅾🅶 ™️ (@TheMarketDog) September 27, 2021
”അയാള്‍ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ അടുത്തേക്ക് വരട്ടെ. പരിപാടി അവസാനിച്ചതിന് ശേഷം ഞാന്‍ അയാളെ നേരില്‍ കാണും”-മക്രോണ്‍ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് റസ്‌റ്റോറന്റില്‍ ടിപ് നല്‍കുന്നതിനെ നികുതിയില്‍ നിന്നൊഴിവാക്കുമെന്ന് മക്രോണ്‍ അറിയിച്ചതിന് പിന്നാലെയാണ് മുട്ടയേറ്. നേരത്തെയും ഫ്രഞ്ച് പ്രസിഡന്റുമാര്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2017ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും മക്രോണിന് നേരെ മുട്ടയേറുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ വാലെന്‍സില്‍ വെച്ച് പരിപാടിക്കിടെ അദ്ദേഹത്തെ മുഖത്തടിക്കാനുള്ള ശ്രമവുമുണ്ടായി. സംഭവത്തില്‍ പ്രതിയായ 28കാരന് കോടതി നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചു.
അടുത്ത ഏപ്രിലിലാണ് ഫ്രാന്‍സില്‍ പൊതുതെരഞ്ഞെടുപ്പ്. മുന്നോടിയായി മക്രോണ്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുക്കും. പ്രസിഡന്റിന് നേരെ അക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ സുരക്ഷയൊരുക്കാനാണ് തീരുമാനം. മക്രോണ്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനമായില്ല.