CrimeKeralaNews

‘ലഹരിമാഫിയ കാരിയറാക്കി’;8-ാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ,പോലീസ് അന്വേഷിച്ചില്ലെന്ന് ആരോപണം

വടകര: അഴിയൂരില്‍ ലഹരിമാഫിയ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി വശത്താക്കിയശേഷം മയക്കുമരുന്ന് കടത്താന്‍ കാരിയറായി ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം പുറത്തുപറഞ്ഞത്. ഈ മാസം രണ്ടാം തീയതി ചോമ്പാല പോലീസില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യം പറഞ്ഞെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. പോക്‌സോ പരാതിയാണ് കിട്ടിയതെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിരുന്നില്ലെന്നുമാണ് പോലീസ് വിശദീകരണം.

കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പ് പ്രകാരം അഴിയൂര്‍ സ്വദേശി അദ്നാന്‍ എന്നയാള്‍ക്കെതിരേ കേസെടുത്തിരുന്നു. സംഭവം നടന്ന ദിവസം ഇയാള്‍ അഴിയൂരിലുള്ളതിന് തെളിവുകിട്ടാത്തതിനാല്‍ ചോദ്യംചെയ്തശേഷം പോലീസ് ഇയാളെ വിട്ടയച്ചു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസിനോട് പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു കേസും എടുത്തില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പോലീസിനെതിരേ ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കുട്ടിയുമായി ബന്ധമുള്ളവരില്‍നിന്നെല്ലാം മൊഴിയെടുക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിനുശേഷം മാത്രമേ പറയാനാകൂവെന്നും ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദ് പറഞ്ഞു.

പോലീസിനെതിരേയും രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേയും കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതിനല്‍കിയിട്ടുണ്ട്. പരാതിനല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി.

അവര്‍ വലിയ ടീമാണെന്നും നിന്റെ ഭാവിയെ ബാധിക്കുമെന്നും പറഞ്ഞാണ് ഇവരെത്തിയതെന്നാണ് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടിക്ക് ബിസ്‌കറ്റ് നല്‍കിയതെന്ന് പറയപ്പെടുന്ന യുവതിയും ഈ സമയം സ്റ്റേഷനുമുന്നില്‍ വന്നു. ഇതുകണ്ട് കുട്ടി പരിഭ്രാന്തയായെന്നും പരാതിയിലുണ്ട്. മകളെ വീണ്ടും സമ്മര്‍ദത്തിലാക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button