KeralaNews

ഡോ.സിസ തോമസിന് ഭരിയ്ക്കാനാവുന്നില്ല,സാങ്കേതിക സര്‍വ്വകലാശാലയില്‍ ഭരണപ്രതിസന്ധി,ഉദ്യോഗസ്ഥ നിസഹകരണം തുടരുന്നു,പെരുവഴിയിലായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസ് ഏറ്റെടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണംമൂലം ഭരണപ്രതിസന്ധി തുടരുന്നു. ഗവർണറോടുള്ള വിയോജിപ്പാണ് ഭരണപക്ഷ അനുകൂലികളായ ഉദ്യോഗസ്ഥർ അടക്കം നിസഹകരണം തുടരാൻ ഇടയാക്കിയിരിക്കുന്നത്. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരാരുംതന്നെ കഴിഞ്ഞ ദിവസങ്ങളിൽ സർവകലാശാലയിൽ എത്തിയിരുന്നില്ല. പി.വി സി.യും നിസ്സഹകരണത്തിലാണ്.

ഗവർണറോടുള്ള എതിർപ്പ് വൈസ് ചാൻസലർ ചുമതലയേറ്റ ഡോ. സിസ തോമസിനോടും പ്രകടിപ്പിക്കുന്നതാണ് ഭരണസ്തംഭനത്തിന് കാരണം. ഇതോടെ കോഴ്സ് പൂർത്തിയാക്കി ജോലിക്ക് കയറിയ പല വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്. കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് യഥാസമയം അതത് സ്ഥാപനങ്ങളിൽ സമർപ്പിക്കേണ്ടതാണ്. എന്നാൽ നാലായിരത്തിലേറെ ബിരുദ സർട്ടിഫിക്കറ്റുകളാണ് വി സി.യുടെ ഒപ്പ് ലഭിക്കാൻ മാറ്റിവച്ചിരിക്കുന്നത്.

വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്ന വിദ്യാർത്ഥികൾ ഫാസ്റ്റ് ട്രാക്കിൽ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്. അവർക്ക് 10 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വ്യവസ്ഥ. ഈ കാലാവധി കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റുകൾ നൽകാനാകുന്നില്ല. താമസിച്ചാൽ വിദേശത്തെ ജോലിയും പഠനാവസരവും നഷ്ടമാകുമെന്ന അവസ്ഥയാണ്.

സർട്ടിഫിക്കറ്റുകളും മറ്റും നൽകണമെങ്കിൽ വി സി.യോടൊപ്പം പരീക്ഷാ കൺട്രോളറും മറ്റ് ഓഫീസ് സ്റ്റാഫും സഹകരിക്കേണ്ടതുണ്ട്. എന്നാൽ, ഇടതുപക്ഷ സംഘടനകൾ സമരത്തിലാണ്. ശനിയാഴ്ചയും വി സി.യുടെ ഓഫീസ് അവർ ഉപരോധിച്ചു. സ്ഥിതിഗതികൾ വി സി. രാജ്ഭവനെ ധരിപ്പിച്ചു. ഗവർണർ തലസ്ഥാനത്ത് എത്തിയശേഷം വി സി.യുമായി ചർച്ച നടത്തും.

സാങ്കേതികവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായ ഡോ. സിസ തോമസിന് വി സി.യായി അധികചുമതലയാണ് നൽകിയിരിക്കുന്നത്. അവർ അനുമതി വാങ്ങാതെയാണ് പുതിയ ചുമതല ഏറ്റെടുത്തതെന്ന് കാണിച്ച് നോട്ടീസ് നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ, ഗവർണറുടെ ഉത്തരവ് അനുസരിച്ചതിനെ എങ്ങനെ അച്ചടക്കലംഘനമായി വ്യാഖ്യാനിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

എസ്എഫ്‌ഐയുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും എതിർപ്പിനിടെയാണ് വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസ് ഏറ്റെടുത്തത്. സർവകലാശാല കവാടത്തിൽ സിസയുടെ കാർ എസ്എഫ്‌ഐക്കാരും കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ പ്രവർത്തകരും മറ്റും തടഞ്ഞിരുന്നു. തുടർന്ന് വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ നടന്നാണ് ഓഫിസിലെത്തിയത്. വിസിയുടെ മുറിക്കു പുറത്തും പ്രതിഷേധക്കാർ നിരന്നിരുന്നു. മുറിയിൽ കയറി കുറെ നേരം കാത്തിരുന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിയില്ല. രജിസ്റ്റ്രാർ സ്ഥലത്തില്ലാതിരുന്നതിനാൽ ജോയിനിങ് റിപ്പോർട്ടിൽ ഒപ്പുവയ്ക്കാൻ പോലും ഡോ. സിസ തോമസിന് കഴിഞ്ഞിരുന്നില്ല.

അസി. രജിസ്റ്റ്രാർ ഉൾപ്പെടെ അൻപതോളം ഉന്നത ഉദ്യോഗസ്ഥർ പ്രതിഷേധത്തിലായിരുന്നു. ഓഫിസിൽ ശേഷിച്ചിരുന്നവർ രജിസ്റ്റർ നൽകാൻ വിസമ്മതിച്ചു. തുടർന്ന് വെള്ളക്കടലാസിൽ ജോയിനിങ് റിപ്പോർട്ട് എഴുതിത്ത്തയാറാക്കിയാണ് സിസ ചുമതല ഏറ്റെടുത്തത്. പൊലീസ് സംരക്ഷണത്തിൽ ചുമതല ഏറ്റെടുക്കേണ്ടി വന്ന അസാധാരണ സാഹചര്യം സിസ രാജ്ഭവനെ രേഖാമൂലം അറിയിച്ചു.

വിസി ആയിരുന്ന ഡോ. എം.എസ്.രാജശ്രീയെ സുപ്രീം കോടതി ഉത്തരവിനെത്തുടർന്നു നീക്കിയിരുന്നു. താൽക്കാലിക ചുമതലയിലേക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടേത് ഉൾപ്പെടെ സർക്കാർ നിർദേശിച്ച പേരുകളെല്ലാം ഗവർണർ തള്ളി. തുടർന്നാണു സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സിസയ്ക്കു ചുമതല നൽകിയത്. ഗവർണറുടെ നടപടി ഏകപക്ഷീയമാണെന്നും സമരം തുടരുമെന്നുമാണ് എസ്എഫ്‌ഐ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button