Home-bannerKeralaNewsPolitics

Thrikkakara by election : ഡോ. ജോ ജോസഫും ഉമ തോമസും നാമനിർദേശ പത്രിക സമർപ്പിച്ചു

കൊച്ചി: തൃക്കാക്കരയിൽ ഇടതു വലതു മുന്നണി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫാണ് ആദ്യം നാമനിർദേശ പ്രതിക നൽകിയത്. മന്ത്രി പി.രാജീവ്, ജോസ് കെ.മാണി, എം.സ്വരാജ് എന്നിവർക്കൊപ്പം പ്രകടനമായി കളക്ടറേറ്റിൽ എത്തിയാണ് ഇടതു സ്ഥാനാർത്ഥി വരണാധികാരിക്ക് നാമനിർദേശ പത്രിക കൈമാറിയത്. 12 മണിയോടെ സൈക്കിൾ റിക്ഷയിൽ എത്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് നാമനിർദേശ പത്രിക നൽകിയത്.

 ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്ന് ഡോ. ജോ ജോസഫ്. ആദ്യഘട്ടം വിജയിച്ച് കഴിഞ്ഞതായും ഇടതുമുന്നണി സ്ഥാനാർത്ഥി പറഞ്ഞു. ഓരോ ദിവസവും പ്രവർത്തകർ ആവേശഭരിതരാകുകയാണ്. 100 സീറ്റ് തികയ്ക്കുമെന്നും തൃക്കാക്കരയിൽ 100 മേനി വിജയം കൊയ്യുമെന്നും നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഡോ. ജോ ജോസഫ് പറ‌ഞ്ഞു. ഗുരുതുല്യനായ ഡോ. ജോസ് ചാക്കോ പെരിയപുരമാണ് കെട്ടിവയ്ക്കാൻ പണം നൽകിയത്. ഐഎംഎയിലെ ഡോക്ട‍ർമാരുടെ അനുഗ്രഹാശിസ്സുകളും തനിക്കുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി അവകാശപ്പെട്ടു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി എത്തിയത് സൈക്കിൾ റിക്ഷയിലേറി. ഹൈബി ഈഡൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർക്കൊപ്പമാണ് ഉമ തോമസ് എത്തിയത്. വിലക്കയറ്റത്തിനും ഇന്ധനവിലവ‍ർധനയ്ക്കും എതിരായ പ്രതിഷേധം അറിയിക്കാനാണ് സൈക്കിൾ റിക്ഷയിൽ എത്തിയതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്ന് ട്വന്റി 20യുടെ പിന്തുണ തേടുമോ എന്ന ചോദ്യത്തിന് മറുപടിയായി ഉമ തോമസ് പറഞ്ഞു.

സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് എ.എ.പിയും-ട്വന്റി-20 യും രംഗത്ത് വന്നതോടെ ആ വോട്ടുകള്‍ എങ്ങോട്ട് പോവുമെന്ന് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയിലാണ് മുന്നണികള്‍. ട്വന്റി-20 തൃക്കാക്കര മുന്‍ എം.എല്‍.എ പി.ടി തോമസുമായി വലിയ ഏറ്റ് മുട്ടലുകളിലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ വോട്ടുകള്‍ ഉമാ തോമസിന് കിട്ടുമോയെന്നത് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ 13897 വോട്ടാണ് ട്വന്റി-20 പിടിച്ചെടുത്തത്. ഇത് ആരിലേക്ക് പോവുമെന്നതാണ് നിര്‍ണായകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button