മുംബൈ: മുംബൈയിലെ കുർളയിലെ ഖുറേഷി നഗറിൽ മകൾ അമ്മയെ കുത്തിക്കൊന്നു. തന്നെക്കാളും അമ്മ ചേച്ചിയെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നിയതിനാലാണ് രേഷ്മ മുസാഫർ( 41 ) വ്യാഴാഴ്ച രാത്രി 62 കാരിയായ അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ കുത്തിക്കൊന്നത്. സംഭവത്തിന് പിന്നാലെ രേഷ്മ പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി.
കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചു. വിവരം അറിഞ്ഞയുടനെ പോലീസ് സംഭവ സ്ഥലത്ത് എത്തി. സാബിറ ബാനോ അസ്ഗറിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു. സംഭവത്തെക്കുറിച്ച് അയൽക്കാരോടും ചോദിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
മുംബൈയിൽ മകനോടൊപ്പം താമസിച്ചിരുന്ന സാബിറ ബാനോ രേഷ്മയുടെ വീട്ടിൽ എത്തിയതിന് പിന്നാലെ അമ്മയും മകളും തമ്മിൽ വഴക്കായി. അമ്മ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് രേഷ്മ ആരോപിച്ചു. ഇത് തർക്കത്തിന് കാരണമായി. പ്രകോപിതയായ രേഷ്മ വീട്ടിലെ കത്തി ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തിൽ സാബിറ ബാനോയ്ക്ക് ജീവൻ നഷ്മായി.
അതേ സമയം സെൻട്രൽ മുംബൈയിൽ നടന്ന മറ്റൊരു സംഭവത്തിൽ, പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ വിവേക് ഗുപ്ത എന്ന 20കാരൻ കുത്തേറ്റ മരിച്ചിരുന്നു. ആൻറോപ്പ് ഹിൽ പ്രദേശത്ത് നടന്നതർക്കത്തിൽ രണ്ട് ഗ്രൂപ്പുകൾ അക്രമാസക്തമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് വ്യക്തികളെ അറസ്റ്റ് ചെയ്തു, ഈ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.