InternationalNews

എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും അമ്മ നല്‍കിയ ബൈബിളും തൊട്ട് സത്യവാചകം ചൊല്ലി; അമേരിക്കയുടെ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപിന് രണ്ടാമൂഴം

വാഷ്ടിങ്ടണ്‍ ഡിസി: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റോളില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്ത നാല് വര്‍ഷം ട്രംപ് യുഎസ് ഭരിക്കും.

വൈസ് പ്രസിഡന്റായി ജെ.ഡി.വാന്‍സും സത്യപ്രതിജ്ഞ ചെയ്തു. വാഷിങ്ടന്‍ ഡിസിയില്‍ പ്രദേശിക സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യന്‍ സമയം രാത്രി 10.30ന്) ആണ് അധികാരമേറ്റത്.

റോട്ടന്‍ഡ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. 1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ. ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, മുന്‍ യു.എസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ, ഹിലരി ക്ലിന്റണ്‍, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍, ആല്‍ഫാബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ഹംഗറിയുടെ പ്രധാനമന്ത്രി വിക്തോര്‍ ഓര്‍ബന്‍, അര്‍ജന്റീന പ്രസിഡന്റ് ഹാവിയേര്‍ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണി, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കേലെ, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങി ലോകനേതാക്കന്‍മാരും സമ്പന്നരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

ശൈത്യക്കാറ്റു മൂലം അപകടകരമായിത്തീര്‍ത്ത കാലാവസ്ഥ പരിഗണിച്ച് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. സ്ഥലപരിമിതി മൂലം അകത്തെ വേദിയില്‍ ഇടംകിട്ടാതെ പോകുന്ന അതിഥികള്‍ക്കെല്ലാം ചടങ്ങു തത്സമയം കാണാന്‍ സൗകര്യമുണ്ടായിരുന്നു.

നവംബറിലെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ഫ്ലോറിഡയിലെ വസതിയില്‍ത്തന്നെ തങ്ങുകയായിരുന്ന ട്രംപും ഭാര്യ മെലനിയയും മകന്‍ ബാരണ്‍ ട്രംപും ഇന്നലെ വാഷിങ്ടന്‍ ഡിസിയില്‍ തിരിച്ചെത്തി. വാന്‍സും ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ ചിലുകുറിയും അതിനുമുന്‍പു തന്നെ വാഷിങ്ടനിലെത്തി. ഉറ്റമിത്രമായ പേപാല്‍ മുന്‍ സിഇഒ പീറ്റര്‍ ടീലിന്റെ വസതിയില്‍ ടെക് പ്രമുഖര്‍ക്കായി ഒരുക്കിയ വിരുന്നിലും വാന്‍സ് പങ്കെടുത്തു. വെടിക്കെട്ട് ഉള്‍പ്പെടെ ആഘോഷപരിപാടികള്‍ ഇന്നലെയാരംഭിച്ചു.

റിയല്‍ എസ്റ്റേറ്റ് രംഗത്തുനിന്നു രാഷ്ട്രീയത്തിലെത്തിയ ശതകോടീശ്വരന്‍ ട്രംപ് ഒന്നാം ഭരണകാലത്തെന്നപോലെ ഇത്തവണയും പ്രവചനാതീത നീക്കങ്ങളുമായി അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ചേക്കാം. ഭരണമേറ്റ ശേഷമുള്ള ഒന്നാം ദിവസം 100 എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടുമെന്നാണു റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാരുടെ നിയന്ത്രണാതീതമായ വര്‍ധനയ്ക്കു തടയിടാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുമുള്‍പ്പെടെ അടിയന്തര നടപടികളാണ് ആദ്യമണിക്കൂറുകളില്‍ത്തന്നെ പ്രതീക്ഷിക്കുന്നത്.

2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോടു പരാജയപ്പെട്ടും പിന്നാലെയുണ്ടായ പാര്‍ലമെന്റ് മന്ദിര ആക്രമണത്തിന്റെ പഴി കേട്ടും ഇംപീച്മെന്റ് നടപടി നേരിട്ടും അപമാനിതനായി പൊതുവേദി വിട്ട ട്രംപ് രാഷ്ട്രീയ തിരിച്ചുവരവു നടത്തുമെന്ന് അധികമാരും പ്രതീക്ഷിച്ചതല്ല. എന്നാല്‍, ട്രംപിന്റെ ഒന്നാം റിപ്പബ്ലിക്കന്‍ ഭരണകാലത്തിനും (2017 20) രണ്ടാമത്തേതിനും മധ്യേയുള്ള ഇടവേള മാത്രമായി മാറുകയായിരുന്നു ബൈഡന്റെ ഡെമോക്രാറ്റ് ഭരണം (2021 24). കഴിഞ്ഞ നവംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ബൈഡന്‍ തന്നെയാണ് ആദ്യം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായതെങ്കിലും ട്രംപുമായുളള സംവാദത്തില്‍ പതറിയതോടെ വിമര്‍ശനത്തെത്തുടര്‍ന്നു പിന്മാറുകയായിരുന്നു.

പകരം സ്ഥാനാര്‍ഥിയായ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ജനകീയ വോട്ടിലും ഇലക്ടറല്‍ വോട്ടിലും വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചാണ് ട്രംപ് രണ്ടാമതും പ്രസിഡന്റായത്. ബൈഡനും ഭാര്യ ജില്ലും ഇന്നലെ സൗത്ത് കാരലൈനയിലെ ചാള്‍സ്ടനിലായിരുന്നു ദിവസം മുഴുവന്‍ ചെലവിട്ടത്. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ഇതിഹാസം മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ സ്മരണാര്‍ഥമുള്ള പരിപാടികളില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker