ഗുരുഗ്രാം: സിസേറിയന് ശേഷം യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്ന് വെച്ചതിന് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. മെഡിക്കല്‍ അശ്രദ്ധയ്ക്ക് സെക്ടര്‍ 12ലെ ശിവ ആശുപത്രിയ്ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് ഗുഡ്ഗാവ് ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഉത്തരവിട്ടത്.
ഡാര്‍ജീലിങ് സ്വദേശിയായ ദിവാസ് രാജിന്റെ പരാതിയിലാണ് നടപടി. 2020 ഏപ്രിലിലാണ് ദിവാസിന്റെ ഭാര്യ സ്വാസ്തിക ഗര്‍ഭിണിയാകുന്നത്. ആ സമയം കോവിഡായിരുന്നതിനാല്‍ ദിവാസിന് ജോലി നഷ്ടപ്പെട്ടിരുന്നു.
നവംബറില്‍ സ്വാസ്തികയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട സാഹചര്യം വരികയും ആശുപത്രിയിലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ദിവാസ് ഇവരെ അടുത്തുള്ള അംഗനവാടിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ സ്വാസ്തികയെ അംഗനവാടി ജീവനക്കാരിയുടെ നിര്‍ദേശപ്രകാരം ശിവ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നവംബര്‍ 16ന് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. പ്രസവത്തിനായി 30000 രൂപയാണ് ദിവാസില്‍ നിന്ന് ആശുപത്രി ഈടാക്കിയത്. പ്രസവശേഷം സ്വാസ്തികയ്ക്ക് വയറ്റില്‍ വേദന വരികയും വയറിന് ചുറ്റും ചുവന്ന പാടുകളും തടിപ്പും കാണപ്പെടുകയും ചെയ്തു. ശിവ ആശുപത്രിയില്‍ നിന്ന് വേദനസംഹാരികളും മറ്റും കഴിച്ചിട്ടും മാറ്റമില്ലെന്ന് കണ്ടതോടെ ദിവാസ് ഭാര്യയെ മറ്റൊരു ആശുപത്രിയില്‍ കൊണ്ട് പോയി. ഇവിടെ വെച്ച് നടത്തിയ സിടി സ്‌കാനിലാണ് വയറ്റില്‍ പഞ്ഞിയുടെ അംശം കണ്ടെത്തിയത്.
ശിവ ആശുപത്രി അധികൃതരെ കാര്യമറിയിച്ചെങ്കിലും ആദ്യമവര്‍ കൂട്ടാക്കിയില്ല. പിന്നീട് ഒരു ആംബുലന്‍സ് വീട്ടിലേക്കയയ്ക്കുകയും ദിവാസിന്റെ സമ്മതമില്ലാതെ സ്വാസ്തികയെ ആശുപത്രിയിലെത്തിച്ച് ഓപ്പറേഷന്‍ നടത്തി പഞ്ഞി നീക്കം ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍ വെച്ച് സ്വാസ്തികയെ കൊണ്ട് കുറേ പേപ്പറുകളില്‍ ഒപ്പു വയ്പ്പിച്ചെന്നാണ് ദിവാസിന്റെ ആരോപണം.
ഈ സംഭവത്തെത്തുടര്‍ന്ന് ദിവാസ് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇവര്‍ സംഭവത്തില്‍ കേസെടുക്കാന്‍ കൂട്ടാക്കാതിരുന്നതോടെ ദിവാസ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം പോലീസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ പൂനം യാദവ്, അനുരാഗ് യാദവ് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തിയിട്ടുണ്ട്. കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.