ബെംഗളൂരു: ഗതാഗതക്കുരുക്കിൽ കാർ അകപ്പെട്ടു; അടിയന്തര ശസ്ത്രക്രിയ നടത്താനായി ഡോക്ടർ 3 കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി! സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.ഗോവിന്ദ് നന്ദകുമാറാണ് ബെംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിനെ കഴിഞ്ഞ ദിവസം ഓടിത്തോൽപിച്ചത്.
‘പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാൾക്കാണു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഡ്രൈവർ ഓടിച്ചിരുന്ന കാർ സർജാപുര– മാറത്തഹള്ളി റോഡിൽ എത്തിയപ്പോൾ കുടുങ്ങി. ആശുപത്രിയിലേക്ക് 10 മിനിറ്റ് ഡ്രൈവ് കൂടി മതിയായിരുന്നു. എന്നാൽ ഇഴഞ്ഞിഴഞ്ഞ് ഈ ദൂരം പിന്നിടാൻ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്നു മനസ്സിലായതോടെ കാറിൽ നിന്നിറങ്ങി ഓടി. ദിവസവും വ്യായാമം ചെയ്യുന്നതിനാൽ പ്രയാസമൊന്നും തോന്നിയില്ല. ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്ത തരത്തിലുള്ള ഗതാഗതപ്രശ്നത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ അത്യാഹിതങ്ങൾ ഉണ്ടാകും,’ ഡോക്ടർ മാധ്യമങ്ങളോടു പറഞ്ഞു.
ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ബെംഗളൂരുവിൽ നേരത്തേ മരണം വരെ സംഭവിച്ചിട്ടുണ്ട്. ലക്ഷ്യസ്ഥാനത്തു സമയത്ത് എത്തണമെങ്കിൽ മണിക്കൂറുകൾക്കു മുൻപേ വീട്ടിൽ നിന്ന് ഇറങ്ങണമെന്നതാണ് അവസ്ഥ. കഴിഞ്ഞദിവസത്തെ മഴയും വെള്ളക്കെട്ടും തുടർന്നുണ്ടായ ചെളിക്കെട്ടും ഒപ്പം റോഡിലെ കുഴികളും കൂടിയായതോടെ നഗര നിരത്തുകളിലെ ഗതാഗതം കൂടുതൽ കുരുങ്ങിയ നിലയിലാണ്.