വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ജീവനാംശത്തിന് അർഹത: സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി ∙ ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 125-ാം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാൻ മുസ്‌ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിആർപിസിയിലെ 125–ാം വകുപ്പ് പ്രകാരം വിവാഹമോചിതയായ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദ്ദേശത്തിനെതിരെ ഒരു മുസ്‌ലിം യുവാവ് നൽകിയ ഹർജിയിലാണ് കോടതിവിധി.
മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങൾ സംരക്ഷിക്കൽ നിയമം, സിആർപിസി പോലെയുള്ള മതേതരമായ നിയമത്തിന് മേലെ നിലനിൽക്കില്ലെന്ന് യുവാവിന്റെ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. വിവാഹിതകൾക്കു മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സിആർപിസിയിലെ 125–ാം വകുപ്പ് ബാധകമാകുമെന്ന നിഗമനത്തോടെ അപ്പീൽ തള്ളുകയാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
സിആർപിസിയിലെ 125-ാം വകുപ്പ്, മുസ്‌ലിം സ്ത്രീകൾക്കും ബാധകമായ ഒരു മതേതര വ്യവസ്ഥയാണെന്ന് നേരത്തേ ഷാ ബാനോ കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. തന്റെ മുൻ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി നിർദേശത്തെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്തത്. പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന കുടുംബക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പ്രശ്‌നം ഉടലെടുത്തത്. 2017-ൽ മുസ്‌ലിം വ്യക്തിനിയമപ്രകാരം ദമ്പതികൾ വിവാഹമോചനം നേടിയിരുന്നു. ഇതേത്തുടർന്നാണ് ജീവനാശം നൽകുന്നത് ഹൈക്കോടതിയിൽ പരാതിക്കാരൻ ചോദ്യംചെയ്തത്. തുടർന്ന് ജീവനാംശ തുക പ്രതിമാസം 10,000 രൂപയാക്കി മാറ്റുകയും ആറുമാസത്തിനകം കേസ് തീർപ്പാക്കാൻ കുടുംബക്കോടതിയോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്.