നടിയെ ആക്രമിച്ച കേസിൽ ‘വിഐപി’ അറസ്റ്റില്‍; പിടിയിലായത് ദിലീപിന്‍റെ സുഹൃത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്ത് ശരത്ത് അറസ്റ്റിൽ. തുടർ അന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാണിത്. കേസിലെ തുടക്കം മുതൽ സൂചിപ്പിച്ചിരുന്ന വി ഐ പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശരത് അറസ്റ്റിലാകുന്നത്. കേസിലെ തെളിവുകൾ നശിപ്പിച്ചെന്ന കുറ്റത്തിനാണ് ശരത്തിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് വി ഐ പി സുഹൃത്തായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ദിലീപിന്‍റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം. സുരാജിന്‍റെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലാണ് വീണ്ടെടുത്ത്. നടിയെ ആക്രമിച്ച കേസിൽ തുരരന്വേഷണത്തിനുള്ള സമയം നീട്ടമമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പെടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പുതിയ തെളിവുണ്ടോയെന്ന് കഴിഞ്ഞ വ്യാഴാഴ്ച നടന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെ കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ദിലീപ് നേരിട്ട് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവാണ് പ്രോസിക്യൂഷന്റെ പക്കലുള്ളതെന്നാണ് കോടതി ഹർജി പരിഗണിക്കണവേ ചോദിച്ചത്. നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആരോപണങ്ങൾ ഉന്നയിക്കരുത്. പൊതുജനാഭിപ്രായമല്ല തെളിവുകളാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
അതേസമയം, കോടതി രേഖകൾ ചോർന്നുവെന്ന ആരോപണത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ രൂക്ഷവിമർശനം കോടതി ഉയർത്തി. കോടതിയെ പുകമറയ്‌ക്കുള്ളിൽ നിറുത്താൻ ശ്രമിക്കരുതെന്നും പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണമെന്നും കോടതി വ്യക്തമാക്കി.