കൊച്ചി:അടുത്ത കാലത്തായി മലയാള സിനിമയില്‍ വലിയ രീതിയില്‍ തിരിച്ചടി നേരിട്ട താരമാണ് ദിലീപ്. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രങ്ങള്‍ പോലും തിയേറ്ററുകളിലേക്ക് ആളുകളെ കയറ്റിയില്ല. ഒരു കാലത്ത് തുടർ വിജയങ്ങളിലൂടെ റെക്കോർഡ് നേടിയ താരത്തിന്റെ ചിത്രങ്ങള്‍ ഒടിടിക്കാർ പോലും എടുക്കാത്ത സാഹചര്യമുണ്ടായി. രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മിക്കവയും പരാജയമായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെയാണ് ദിലീപിന് വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും തിരിച്ചടി നേരിടാന്‍ തുടങ്ങിയത്. മോശം കാലത്തിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും വരാനിരിക്കുന്ന പ്രിൻസ് ആന്റ് ഫാമിലി അടക്കമുള്ള ചിത്രങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. സിനിമകള്‍ വിജയത്തിലേക്ക് എത്തുന്നില്ലെങ്കിലും ദിലീപ് ഇന്നും കുടുംബപ്രേഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് എന്നതില്‍ സംശയമില്ല.
അതേസമയം സമീപകാലത്തായി ടെലിവിഷൻ പ്രോഗ്രാമുകളിൽ അതിഥിയായും ദിലീപ് പങ്കെടുക്കാറുണ്ട്. അടുത്തിടെ സീ കേരളം ചാനലില്‍ ആരംഭിച്ച സൂപ്പർ ഷോയിൽ ദിലീപ് എത്തിയതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലാണ്. ലക്ഷ്മി നക്ഷത്ര അവതാരകയായ ഷോയിൽ ദിലീപിനൊപ്പം അതിഥികളായി നവ്യ നായരും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും എത്തിയിരുന്നു.
ദിലീപും നവ്യയും എത്തിയതോടെ ഇരുവരും അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായ പാണ്ടിപ്പടയിലെ രംഗങ്ങള്‍ വേദിയില്‍ റീക്രിയേറ്റ് ചെയ്തതു. ഇത് സോഷ്യല്‍ മീഡിയയിലും നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറികഴിഞ്ഞു. ദിലീപ് വരുന്ന വീഡിയോ ആയതുകൊണ്ട് തന്നെ സ്വഭാവികമായും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്.
ദിലീപ് സിനിമാ രംഗത്തേക്ക് അതിശക്തമായി തിരിച്ച് വരുമെന്ന് അഭിപ്രായപ്പെടുന്നവരാണ് കൂടുതല്‍ പേരും. എന്ത് കുറ്റപ്പെടുത്തിയാലും ദിലീപ് ആശാൻ ചെയ്തു വെച്ച കോമഡി ഒന്നും ഇതുവരെയും ആർക്കും അതിനു മേലെ ചെയ്തു വെക്കാൻ പറ്റിയിട്ടില്ല, മലയാള സിനിമയുടെ നെറുകയിൽ ഇരുന്ന ഒരു മനുഷ്യൻ ഇപ്പൊ ചാനലിൽ കിടന്നു മെഴുകുന്നു, എന്തോക്കെ നെഗറ്റീവ് പറഞ്ഞാലും ഇങ്ങേര് ചെയ്യുന്ന കോമഡി ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും ആളുകള്‍ കമന്റ് ചെയ്യുന്നു.
ഇതോടൊപ്പം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിമർശനവും ചിലർ പങ്കുവെക്കുന്നുണ്ട്. ദിലീപിന് മാത്രമല്ല നവ്യ നായരും അനാവശ്യമായി വിമർശിക്കപ്പെടുന്നുണ്ട്. ‘നവ്യയുടെ തൊലിക്കട്ടി അപാരം…. ഉള്ള കുറ്റം മൊത്തം പറഞ്ഞിട്ട് ദിലീപിന്റെ കൂടെ ഇങ്ങനെ ഇരിക്കുന്നുണ്ടല്ലോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
‘ദിലീപേട്ടൻ പാവം. നവ്യ എത്ര കുറ്റം പറഞ്ഞതാ. അതൊന്നും മനസ്സിൽ വെക്കാതെ അവരോട് എന്ത് നല്ല രീതിയിലാണ് സംസാരിക്കുന്നത്. അവരോട് എന്ത് നല്ല രീതിയിലാണ് സംസരികുന്നത്. ദിലീപേട്ടനെ കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ അത് ഏട്ടന്‍ ചെയ്തത് ആണെന്ന് വിശ്വസിച്ച് എന്തൊക്കെയോ പറഞ്ഞു. അതും അത്രക്കും അറിയുന്ന ദിലീപേട്ടനെ കുറിച്ചാണ് ആ പറഞ്ഞത്. അന്ന് തൊട്ട് എനിക്ക് ദിലീപേട്ടനെ ഇഷ്ടം അല്ല’ എന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
അതേസമയം, ദിലീപ് അറസ്റ്റിലായപ്പോൾ ഞെട്ടിപ്പോയി എന്നും പരാതിയിൽ ഉറച്ചു നിന്ന അതിജീവിതയെ അഭിനന്ദിക്കുകയുമാണ് നവ്യ നായർ ചെയ്തത്. അല്ലാതെ ദിലീപിനെ കുറ്റം പറഞ്ഞിട്ടില്ല. അന്നത്തെ വീഡിയോ കാണുന്ന എല്ലാവർക്കും അത് മനസ്സിലാകുമെന്നും ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.