KeralaNews

ജാമ്യത്തിലിറങ്ങി ദിലീപും കാവ്യയും പോയത് വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന് അമ്പത് ലക്ഷം നല്‍കാന്‍; ബാലചന്ദ്രകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യയും മലപ്പുറം വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെത്തി അമ്പത് ലക്ഷം രൂപ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജാമ്യത്തിലിറങ്ങി പത്ത് മാസം കഴിഞ്ഞ ശേഷമാണ് ഇരുവരും വേങ്ങരയിലെത്തി പണം കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയിലെ നേതാവിനെ വേങ്ങരയിലെ വീട്ടിലെത്തി കണ്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബര്‍ 21 ന് അനൂപും സുരാജും കാണാന്‍ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സി.ഡി.ആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്കാണ് അവരെത്തിയത്. 7 മണിക്ക് തിരികെ പോരുന്നു. അന്നൊക്കെ ദീലീപ് ജയിലില്‍ കിടക്കുകയാണ്. ഒക്ടോബര്‍ 3 നാണ് ജാമ്യത്തില്‍ ഇറങ്ങുന്നത്,’ ബാലചന്ദ്രകുമാര്‍ പറയുന്നു.

ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനാ നേതാവിനെ കാണാന്‍ വീണ്ടും പോയെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. ‘രാത്രിയാണ് പോയത്. കൈയില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു. അന്നവിടെ കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയ നേതാവും എത്തി. ആഹാരം കഴിച്ചു, പാട്ട് പാടി. പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്.

രാഷ്ട്രീയ നേതാവിന്റെ ഭാര്യയോടൊപ്പവും മക്കളോടൊപ്പവും ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരും. കാവ്യയുടെ 4686 ല്‍ അവസാനിക്കുന്ന നമ്പറിന്റെ സി.ഡി.ആര്‍ പരിശോധിക്കുക. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാവും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത്. വേങ്ങരയുള്ള നേതാവിന് പ്രോസിക്യൂഷനെ വരെ സഹായിക്കാമല്ലോ,’ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് ഗോപിനാഥ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതുവരെ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ അറസ്റ്റാണ് താല്‍ക്കാലികമായി തടഞ്ഞിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker