വിവാഹമോചനത്തിന് പിന്നില്‍ ധനുഷ്-ശ്രുതി ഹാസന്‍ പ്രണയം,പോയസ് ഗാര്‍ഡനിലെ 150 കോടിയുടെ വീട് ആര്‍ക്ക്,ചര്‍ച്ചയില്‍ കോളിവുഡ്
ചെന്നൈ:കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ധനുഷ് ഐശ്വര്യ താരദമ്പതിമാര്‍ വേര്‍പിരിയുന്നു എന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. ധനുഷും ഐശ്വര്യയും വഴി പിരിയുമ്പോള്‍ ഇരുവരും ആഗ്രഹിച്ച് പണിതു കൊണ്ടിരിക്കുന്ന വീട് നഷ്ടങ്ങളില്‍ പെടുത്താവുന്ന ഒന്നാണ്.
150 കോടി ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീടുപണി പുരോഗമിക്കുന്നത് എന്നാണ് വാര്‍ത്ത. അത്യാധുനിക ജിമ്മും സ്വിമ്മിംഗ് പൂളും ഫുട്ബോള്‍ കോര്‍ട്ടും അടക്കം ഇന്‍ഡോര്‍ സ്പോര്‍ട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയേറ്ററുമെല്ലാം സ്മാര്‍ട് ടെക്‌നോളജിയില്‍ അധിഷ്ഠിതമായ വീട്ടിലുണ്ടാകും എന്നാണ് വിവരം.
ഐശ്വര്യയും ഈ വീട്ടിലേക്കായി വലിയ തുക മുതല്‍ മുടക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയസ് ഗാര്‍ഡനിലാണ് ആഡംബര വീട് പൂര്‍ത്തിയാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വീടിന്റെ ഭൂമിപൂജ നടന്നത്. അന്ന് ചടങ്ങില്‍ രജനികാന്തും കുടുംബസമേതം പങ്കെടുത്തിരുന്നു.
കഴിഞ്ഞ 30 വര്‍ഷമായി രജനികാന്ത് പോയസ് ഗാര്‍ഡനിലെ വീട്ടിലാണ് താമസിക്കുന്നത്. അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു. ഈയടുത്ത ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് ധനുഷും ഐശ്വര്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് അറിയിച്ചത്.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. റൂസോ സഹോദന്മാരുടെ ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ എത്തുന്നത്. നടനെന്ന നിലയില്‍ മാത്രമല്ല, ഗായകനായും ഗാനരചയിതാവായും സിനിമയുടെ പിന്നണിയിലെ പ്രവര്‍ത്തനത്തിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച താരമാണ് ധനുഷ്.
ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍പ്പെട്ടിരുന്നു. ഇതില്‍ ഒന്നായിരുന്നു നടി ശ്രുതി ഹാസനുമായുള്ള പ്രണയ വാര്‍ത്തകള്‍. വിവാഹിതനായ ധനുഷും ശ്രുതിയും തമ്മിലുള്ള പ്രണയം ധനുഷിന്റെ വിവാഹ ജീവിതത്തെ പോലും കാര്യമായി തന്നെ ബാധിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ വിവാഹമോചനത്തോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ധനുഷിന്റെ കുടുംബ ജീവിതം.
ധനുഷിന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു ഐശ്വര്യ. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോഴൊക്കെ തന്റെ സഹോദരിയുടെ സുഹൃത്ത് മാത്രമാണ് ഐശ്വര്യ എന്നായിരുന്നു ധനുഷ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇരുവരുടേയും കുടുംബങ്ങള്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
2004 നവംബര്‍ 18 നാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. രജിനികാന്തിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. താരസമ്പന്നമായിരുന്നു വിവാഹം. രാഷ്്ട്രീയ-സാംസ്‌കാരിക മേഖലയില്‍ നിന്നുമുള്ളവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 2006 ഒക്ടോബര്‍ 10 നാണ് ദമ്പതികളുടെ ആദ്യത്തെ മകന്‍ ജനിക്കുന്നത്. 2010 ല്‍ രണ്ടാമത്തെ മകനും ജനിച്ചു.
2011 ലാണ് ഐശ്വര്യ സംവിധാനത്തിലേക്ക് തിരിയുന്നത്. ശ്രുതി ഹസ്സന്‍ നായികയായും ധനുഷ് നായകനായും എത്തിയ ത്രീ ആയിരുന്നു ആദ്യത്തെ സിനിമ. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ധനുഷും ശ്രുതിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണങ്ങളുമായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയത്. ഈ ബന്ധം ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹ ബന്ധത്തെ പോലും ഉലച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം പ്രചരണങ്ങളൊന്നും താന്‍ ഗൗനിക്കാറില്ലെന്നായിരുന്നു ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രുതി നല്‍കിയ മറുപടി. ‘ഞാന്‍ ആര്‍ക്കും വിശദീകരണം നല്‍കാന്‍ പോകുന്നില്ല. എന്റെ ദേഹത്തൊരു മൈക്രോ ചിപ്പ് വച്ച് നടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവന്‍ എന്റെ അടുത്ത സുഹൃത്താണ്. കലാപരമായി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറയുന്നുണ്ടെന്ന് കരുതി ആ ബന്ധത്തെ ചവറ്റുകുട്ടയില്‍ കളയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഒരിക്കലും ആളുകള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല.
പതിനായിരം ഗോസിപ്പുകള്‍ ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ എന്നെ സംബന്ധിച്ച് ആളുകളുമായി കണക്ടാകുന്നത് അപൂര്‍വ്വമായിട്ടാണ്. ധനുഷ് വളരെ പ്രധാനപ്പെട്ട സുഹൃത്താണ്. കാരണം ത്രിയിലെ നായിക വേഷം എന്നെ കൊണ്ട് പറ്റില്ലെന്ന് പലരും പറഞ്ഞപ്പോഴും എനിക്കൊപ്പം നിന്നത് ധനുഷായിരുന്നു. ഞാന്‍ അവനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളുമുണ്ട്’ എന്നുമാണ് ശ്രുതി പറഞ്ഞത്.
പിന്നീട് എല്ലാ ഗോസിപ്പുകളും അവസാനിക്കുന്നത് ഐശ്വര്യ തന്നെ രംഗത്ത് എത്തുമ്പോഴായിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ശ്രുതിയും ധനുഷും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവും ആണെന്ന് ഐശ്വര്യ തന്നെ വ്യക്തമാക്കുകയായിരുന്നു. എന്തായാലും ത്രി മികച്ച വിജയമായി മാറുകയും മൂന്ന് ഫിലിം ഫെയര്‍ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.