
പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ ഭാഗമായി കോടിക്കണക്കിന് ആളുകള്‍ പ്രയാഗ്രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്രമന്ത്രി ഡോ ജിതേന്ദ്ര സിങ്. ആണവ സാങ്കേതികവിദ്യയുെ പിന്‍ബലത്തോടെയാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ‘മഹാകുംഭമേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ പ്രശംസനീയമാണ്. 50 കോടിയിലധികം ഭക്തര്‍ കുംഭമേള സന്ദര്‍ശിച്ചു, ആര്‍ക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ‘ മന്ത്രി പറഞ്ഞു.
ഹൈബ്രിഡ് ഗ്രാനുലാര്‍ സീക്വന്‍സിങ് ബാച്ച് റിയാക്ടറുകള്‍ (hgSBR) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മലിനജല സംസ്‌കരണ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആണവോര്‍ജ്ജ വകുപ്പിന് ( DAE) കീഴിലുള്ള മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (BARC), കല്‍പ്പാക്കം ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് (IGCAR) എന്നിവ ചേര്‍ന്ന് തദ്ദേശീയമായി നിര്‍മിച്ച് മലിനജല സംസ്‌കരണ പ്ലാന്റുകളാണ് മഹാകുംഭമേളയില്‍ ജലശുദ്ധികരണത്തിനായി വിന്യസിച്ചിരിക്കുന്നത്.
ഫെക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ എന്നറിയപ്പെടുന്ന ഈ മലിനജല സംസ്‌കരണ പ്ലാന്റിന്റെ സാങ്കേതികവിദ്യ ഗവേഷണം ചെയ്ത് വികസിപ്പിച്ചത് ആണവോര്‍ജ വകുപ്പിലെ ഡോ വെങ്കട്ട് നഞ്ചരയ്യയാണ്. ഈ പ്ലാന്റില്‍ സൂക്ഷ്മാണുക്കളെ ഉപയോഗിച്ചാണ് മലിനജലം ശുദ്ധീകരിക്കുന്നത്. ഗംഗാ നദിയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള പ്ലാന്റുകള്‍ക്ക് ഒരു ദിവസം ഏകദേശം 1.5 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ കഴിയും. പ്ലാന്റ് സ്ഥാപിക്കാന്‍ അധികസ്ഥലമോ, അധിക അടിസ്ഥാന സൗകര്യമോ ആവശ്യമില്ല എന്നതിനാല്‍ ചിലവും കുറവാണ്.
മുമ്പ് കുംഭമേള നടക്കുമ്പോള്‍ മലിനമായ സാഹചര്യങ്ങള്‍ മൂലം കോളറയും വയറിളക്കവും പോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിച്ചിരുന്നു. എന്നാല്‍ ഇത്തവണ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രദേശത്ത് 1.5 ലക്ഷം ടോയ്ലറ്റുകളും നിര്‍മ്മിച്ചിരുന്നു. മലിനജലശുദ്ധീകരണത്തിനായി 11 സ്ഥിരം മലിനജല സംസ്‌കരണ പ്ലാന്റുകളും മൂന്ന് താത്കാലിക പ്ലാന്റുകളുമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. പരമ്പരാഗത സംവിധാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ പ്ലാന്റിന്റെ നേട്ടം വളരെയധികമാണെന്നാണ് വിദഗ്ദരുടെ വാദം.
കൂടാതെ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി 200-ലധികം വാട്ടര്‍ ഓട്ടോമാറ്റിക് ഡിസ്‌പെന്‍സിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, 40 കോടി ഭക്തരെ പ്രതീക്ഷിച്ചിരുന്നിടത്ത് ഇതുവരെ 50 കോടി ഭക്തരാണ് മഹാകുംഭമേളയുടെ ഭാഗമായി ഗംഗ, യമുന സരസ്വതി സംഗമ സ്ഥലമായി കരുതുന്നിടത്ത് സ്‌നാനം ചെയ്തത്. ഫെബ്രുവരി 26വരെയാണ് മേള. ലോകത്തെ ഏറ്റവുംവലിയ ആത്മീയസംഗമമായി വിശേഷിപ്പിക്കപ്പെടുന്ന 45 ദിവസത്തെ മേളയില്‍ കോടിക്കണക്കിന് ആളുകളാണ് എത്തുന്നത്. 4000 ഹെക്ടറാണ് കുംഭമേള നടക്കുന്ന ഗംഗാതീരത്തെ പ്രദേശത്തിന്റെ വിസ്തൃതി.