FeaturedNationalNews

ഫെഞ്ചൽ വൈകിട്ടോടെ കര തൊടും; പേമാരിയിൽ മുങ്ങി ചെന്നൈ

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫെഞ്ചല്‍ ചുഴലിക്കാറ്റായി മാറി കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. ശനിയാഴ്ച വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം തൊടുമെന്ന് കണക്കുകൂട്ടുന്ന ഫെഞ്ചലിന് മണിക്കൂറില്‍ 90 കി.മി വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെ ചൈന്നൈ വിമാനത്താവളം ശനിയാഴ്ച രാത്രി ഏഴ് മണിവരെ താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്.

തമിഴ്‌നാട്-പുതുച്ചേരി തീരത്തെ കാരയ്ക്കലിനും മഹാബലി പുരത്തിനുമിടയ്ക്ക് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ചൈന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കള്ളക്കുറിച്ചി, കൂടലൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതില്‍ത്തന്നെ റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പലൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പുമുണ്ട്.

2229 ദുരന്തനിവാരണ കേന്ദ്രങ്ങള്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശനിയാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതുജില്ലകളിലായി ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനായി 2229 ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയതായി റവന്യുമന്ത്രി കെ.കെ.എസ്.ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. നാഗപട്ടണം, മൈലാടുതുറൈ, തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലായാണ് ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

നിലവില്‍ തിരുവാരൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലെ ആറുകേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 പേര്‍ കഴിയുന്നുണ്ട്. ചുഴലിക്കാറ്റുവീശാന്‍ സാധ്യതയുള്ള ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകള്‍ സജ്ജമാണ്. ശനിയാഴ്ച ചുഴലിക്കാറ്റും മഴയുമുണ്ടാകുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കെട്ടില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ 806 ബോട്ടുകള്‍, മണ്ണിടിച്ചലുണ്ടായാല്‍ മണ്ണ് നീക്കംചെയ്യാന്‍ 1193 ജെ.സി.ബി.കള്‍, വൈദ്യുത വിതരണത്തിനായി 977 ജനറേറ്ററുകള്‍ എന്നിവ വിവിധജില്ലകളിലായി സജ്ജമാക്കിയിട്ടുണ്ട്.

കാറ്റില്‍ കടപുഴകി വീഴുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനായുള്ള 1786 യന്ത്രങ്ങളുമുണ്ടാകും. വെള്ളക്കെട്ടുണ്ടായാല്‍ പമ്പുചെയ്ത് നീക്കാനായി 2439 മോട്ടോര്‍ സെറ്റുകളുമുണ്ടാകും. 24 മണിക്കൂറും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനുള്ള എല്ലാനടപടികളും സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker