ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തെ മുള്‍മുനയിലാക്കി ഡൽഹിയിലെയും നോയിഡയിലെയും നൂറോളം സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീഷണി സന്ദേശം ലഭിച്ച് ഇ–മെയിലുകളുടെ ഉറവിടം പൊലീസ് കണ്ടെത്തിയതായി ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന അറിയിച്ചു. റഷ്യയിൽ നിന്നുള്ള സെർവറിൽനിന്നാണ് ഇ–മെയിൽ സന്ദേശം അയച്ചതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശങ്ങളെല്ലാം ഒരു പ്രത്യേകം ഐപി അഡ്രസിൽനിന്നാണ് വന്നിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലർച്ചെ നാലു മണിയോടെ ആദ്യം ഭീഷണി സന്ദേശമെത്തിയത്. അതിനുശേഷം നൂറോളം സ്‌കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചിട്ടുണ്ട്. സ്കൂളുകളില്‍നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു.
ബോംബ് സ്ക്വാഡ് പരിശോധന നടത്തി. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തിരച്ചിലിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. മദർ മേരി സ്കൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് ബോബ് ഭീഷണി എത്തിയത്. ഇതിനെത്തുടർന്നു പരീക്ഷ പാതിവഴിയിൽ നിർത്തേണ്ടിവന്നു. മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് ആർകെ പുരത്തെ ഒരു സ്കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു.