എഎപി നേതാവ് കൈലാഷ് ഗെഹ്‌ലോത് പാർട്ടി വിട്ടു, മന്ത്രിസ്ഥാനം രാജിവെച്ചു;ബിജെപിയിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്‌ലോത് പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍നിന്നും രാജിവച്ചു. എ.എ.പി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൈലാഷ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ദേശീയ തലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി.പാർട്ടി അംഗത്വവും രാജിവച്ച കൈലാഷ് ഗെലോട്ട്, ബിജെപിയിൽ ചേരുമെന്നാണ് പ്രചാരണം.
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഡല്‍ഹി സര്‍ക്കാരില്‍ ഗതാഗതം, നിയമം, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടെ സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള കൈലാഷ് ഗെഹ്‌ലോത്തിന്റെ രാജിയിലേക്ക് നയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കൈലാഷ് ഗെഹ്‌ലോത് രാജിവച്ചു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനും കത്ത് നല്‍കി.
ലജ്ജാകരമായ നിരവധി വിവാദങ്ങള്‍ ഉണ്ടെന്നും ഇപ്പോഴും ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നുവെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹി സര്‍ക്കാര്‍ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടാന്‍ വിനിയോഗിക്കുന്നതിനാല്‍ ഡല്‍ഹിക്ക് യഥാര്‍ത്ഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോള്‍ വ്യക്തമാണ്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് തോന്നുന്നു. അതിനാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നു.- കത്തില്‍ അദ്ദേഹം പറഞ്ഞു.