KeralaNews

ഡൽഹി വിധിയെഴുതുന്നു, 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികൾ, ഒന്നരക്കോടി വോട്ടർമാർ; ആപ്പിനും ബി.ജെ.പിയ്ക്കും നിർണായകം

ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണുള്ളത്. ഒന്നരക്കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് വര്‍ധിക്കുമെന്നാണ് പാര്‍ട്ടികളുടെ കണക്കുക്കൂട്ടല്‍. പരമാവധി വോട്ടര്‍മാരെ ബൂത്തുകളെത്തിക്കാനാണ് ശ്രമം.

ക്രമസമാധാനമുറപ്പാക്കാൻ പോലീസിനുപുറമേ കേന്ദ്രസേനകളും രംഗത്തുണ്ട്. വോട്ടുചെയ്തവർക്ക് ബുധനാഴ്ച പ്രത്യേക ഓഫറുകൾ നൽകാൻ ചേംബർ ഓഫ് ട്രേഡ്‌സ് ആൻഡ് ഇൻഡസ്ട്രീസ് തീരുമാനിച്ചു. ആം ആദ്മി പാർട്ടി തുടർഭരണത്തിനും പ്രതിപക്ഷത്തെ ബി.ജെ.പി.യും കോൺഗ്രസും സർക്കാരുണ്ടാക്കാനും സർവ ആയുധങ്ങളുമെടുത്താണ് കളത്തിലുള്ളത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. നേരത്തേ പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി അതിഷിയുടെ പേരിൽ ഡൽഹി പോലീസ് കേസെടുത്തു. പോലീസുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

സ്ത്രീകൾ വോട്ടുചെയ്യുകയും വീട്ടിലെ പുരുഷന്മാരോട് ആം ആദ്മി പാർട്ടിക്കു വോട്ടുചെയ്യാൻ പറയുകയും ചെയ്താൽ പാർട്ടി 60 സീറ്റുകടക്കുമെന്ന് നേരത്തേ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു. വോട്ടർമാരെ ബി.ജെ.പി. ഭീഷണിപ്പെടുത്തുന്നത് തടയാൻ എ.എ.പി. രഹസ്യക്യാമറകൾ ഇറക്കിയിട്ടുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. ബി.ജെ.പി.യുടെ ഗുണ്ടായിസത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടുനിൽക്കുകയാണെന്നും കുറ്റപ്പെടുത്തി.

അതേസമയം കേന്ദ്രവുമായി പോരടിച്ച് എ.എ.പി. സർക്കാർ വികസനം മുടക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹിയിലും ബി.ജെ.പി. അധികാരത്തിലെത്തിയാൽ കാര്യങ്ങൾ വേഗത്തിലാകുമെന്ന് അദ്ദേഹം തിങ്കളാഴ്ച ബി.ജെ.പി. പ്രചാരണത്തിൽ പറഞ്ഞു. ഡൽഹിയുടെ തലവിധി മാറ്റുന്ന തിരഞ്ഞെടുപ്പാണിതെന്നും കെജ്‌രിവാളും പാർട്ടിയും തിരഞ്ഞെടുപ്പുഫലം വരുന്നതോടെ അപ്രസക്തരാകുമെന്നും ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker