NationalNews

തിരുപ്പതിയിൽ അഹിന്ദുക്കളായ ജീവനക്കാർ വേണ്ടെന്ന് തീരുമാനം; 300 ഓളം ജീവനക്കാർക്ക് മുന്നിൽ ഇനിയുള്ളത് രണ്ട് വഴികള്‍

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽനിന്ന് അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാൻ ക്ഷേത്രഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ (ടിടിഡി) തീരുമാനം. ഈ മാസം ചുമതലയേറ്റ ബിആർ നായിഡു ചെയർമാനായ ടിടിഡിയുടെ പുതിയ ഭരണസമിതിയുടേതാണ് തീരുമാനം. തിങ്കളാഴ്ച നടന്ന യോഗത്തിൽ ഇതുസംബന്ധിച്ചു ടിടിഡി പ്രമേയം പാസാക്കി. നിലവിൽ ടിടിഡിക്ക് കീഴിൽ പ്രവർത്തിച്ചുവരുന്ന അഹിന്ദുക്കളായ ജീവനക്കാർക്ക് മുന്നിൽ രണ്ട് നിർദേശങ്ങൾ ടിടിഡി പ്രമേയത്തിൽ മുന്നോട്ടുവെച്ചിട്ടുണ്ട്.

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം നടത്തിപ്പ് കൈകാര്യം ചെയ്യുന്ന, ആന്ധ്രാ പ്രദേശ് സർക്കാരിന് കീഴിലുള്ള സ്വതന്ത്ര ട്രസ്റ്റ് ആണ് തിരുമല തിരുപ്പതി ദേവസ്ഥാനം. ടിടിഡിക്ക് കീഴിൽ ഏകദേശം 7,000 സ്ഥിര ജീവനക്കാരുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇതിൽ ഏകദേശം 300 ഓളം പേർ അഹിന്ദുക്കളാണെന്ന് റിപ്പോർട്ടി സൂചിപ്പിച്ചു. ഏകദേശം 14,000 കരാർ ജീവനക്കാരും ടിടിഡിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

അഹിന്ദു ജീവനക്കാർക്ക് സ്വയം വിരമിക്കൽ (വോളൻ്ററി റിട്ടയർമെൻ്റ്) നടത്താമെന്നാണ് ടിടിഡിയുടെ നിർദേശം. ഇതിനു താത്പര്യമില്ലാത്തർക്ക് ആന്ധാപ്രദേശ് സർക്കാരിൻ്റെ മറ്റ് വകുപ്പുകളിലേക്ക് ജോലിമാറ്റം നേടാമെന്ന ഉപാധിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ടിടിഡി ചെയർമാൻ ബിആർ നായിഡു ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും അഹിന്ദുക്കളായ ജീവനക്കാരുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

ടിടിഡിയുടെ തീരുമാനത്തോട് വിവിധ തൊഴിലാളി യൂണിയനുകൾക്ക് അനുകൂല നിലപാടുണ്ടെന്നാണ് റിപ്പോർട്ട്. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം വൻ വിവാദത്തിന് വഴിവെച്ചതിന് ശേഷമുള്ള സുപ്രധാന തീരുമാനമാണിത്.

ഇക്കഴിഞ്ഞ ഒക്ടോബർ 31ന് ചന്ദ്രബാബു നായിഡു സർക്കാരാണ് വ്യവസായിയും മാധ്യമ സ്ഥാപന തലവനുമായ ബൊള്ളിനേനി രാജഗോപാല നായിഡു എന്ന ബിആർ നായിഡുവിനെ ടിടിഡി ചെയർമാനായി നിയമിച്ചത്. ഈ മാസം ആറിനാണ് ബിആർ നായിഡു ചുമതലയേറ്റത്. ഇതിന് പിന്നാലെ ക്ഷേത്രം മുന്നോട്ടുകൊണ്ടുപോകേണ്ടത് ഹിന്ദുക്കളാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തിരുമലയിലെ അന്നമയ്യ ഭവനിൽ തിങ്കളാഴ്ചയാണ് പുതിയ ഭരണസമിതി ആദ്യ യോഗം ചേർന്നത്. യോഗത്തിൽ ബോർഡിൽനിന്ന് അഹിന്ദുക്കളെ ഒഴിവാക്കാനുള്ള തീരുമാനത്തിനു പുറമേ, വിവിധ സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. വിവിധ സ്വകാര്യ ബാങ്കുകളിലുള്ള ടിടിഡിയുടെ സ്ഥിരനിക്ഷേപം ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റാനുള്ള തീരുമാനം ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker