ബെംഗളൂരു: അതുൽ സുഭാഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തസംഭവത്തില്‍ ഭാര്യയും കുടുംബവും അറസ്റ്റില്‍. സുഭാഷിന്റെ ഭാര്യ നിഖിത സിങ്കാനിയ, മാതാവ് നിഷ, സഹോദരന്‍ അനുരാഗ് എന്നിവരെയാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് നിഖിതയും അലഹാബാദില്‍ നിന്ന് മാതാവും സഹോദരനും അറസ്റ്റിലായി.
ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതിയാണ് സുഭാഷ് ആത്മഹത്യ ചെയ്തത്. സ്വകാര്യ കമ്പനിയിലെ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്ന അതുല്‍ സുഭാഷിനെതിരെ ഭാര്യ നല്‍കിയ കേസുകള്‍ പിന്‍വലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കാനായി വന്‍തുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം. ദാമ്പത്യജീവിതത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ അതുല്‍ പറയുന്നു.
കര്‍ണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുല്‍ സുഭാഷ് നിഖിതയുമായി വേര്‍പിരിഞ്ഞ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടു ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്.
വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ കുടുംബ കോടതിയിലെ വനിത ജഡ്ജി ഭാര്യയുടെ കുടുംബക്കാരുടെ പക്ഷത്തുനിന്നു മാത്രമാണ് തുടക്കം മുതല്‍ കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ കേസ് ഒതുക്കി തീര്‍ക്കാമെന്ന് ജഡ്ജി പറഞ്ഞിരുന്നതായും ആത്മഹത്യാ കുറിപ്പില്‍ അതുല്‍ ആരോപിച്ചു.