KeralaNews

ഗേറ്റിലെ കമ്പിയില്‍ കൊരുത്ത് കുത്തി കയറിയ നിലയില്‍ മൃതദേഹം; ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിലെ ഞെട്ടിയ്ക്കുന്ന കാഴ്ച

കൊച്ചി: രാവിലെ ഹൈകോടതിക്ക് സമീപത്തെ മംഗളവനത്തിലെ രാവിലത്തെ കാഴ്ച കണ്ട് ആളുകള്‍ ഞെട്ടി. ഗേറ്റിലെ കമ്പിയില്‍ കുത്തികയറിയ നിലയില്‍ മൃതദേഹം. കൊച്ചിയില്‍ ഹൈക്കോടതിക്ക് സമീപം മംഗളവനത്തിലാണ് ഭയപ്പെടുത്തുന്ന രീതിയില്‍ മൃതദേഹം കണ്ടത്തിയത്. തമിഴ്‌നാട് സ്വദേശിയുടേതെന്ന് സൂചനകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ പുറത്തു വിട്ടിട്ടില്ല. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷമാകും കൂടുതല്‍ വെളിപ്പെടുത്തല്‍ വരിക.

സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മരിച്ചയാള്‍ സ്ഥിരം റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്നും പോലീസ് പറയുന്നു. ഇയാള്‍ പലപ്പോഴും വസ്ത്രമില്ലാതെ നടക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചപ്പോള്‍ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യത എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഭവം കണ്ടവര്‍ ആരുമില്ല. എന്തിനാണ് ഇയാള്‍ മംഗള വനത്തിലെ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചതെന്നതിലും അന്വേഷണം നടക്കും. പ്രദേശത്തെ സിസിടിവികള്‍ അടക്കം പരിശോധിക്കും.

മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ശരീരത്തില്‍ മറ്റ് മുറിവുകള്‍ കണ്ടെത്തിയിട്ടല്ല. ഇയാള്‍ ധരിച്ചിരുന്ന പാന്റ് സമീപത്തു നിന്ന് കണ്ടെത്തി. എന്‍ഐഒ കെട്ടിടത്തിന്റെ ഗേറ്റില്‍ കൊരുത്ത നിലയിലായിരുന്നു മൃതദേഹം. സുരക്ഷാ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തും. ഈ ഗേറ്റിന് അടുത്ത് ഇയാള്‍ എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഇല്ലായിരുന്നുവെന്നതും ഞെട്ടിപ്പിക്കുന്നതാണ്. ഇതടക്കം എല്ലാ വിഷയങ്ങളും പോലീസ് പരിശോധിക്കും. മലമൂത്ര വിസര്‍ജ്ജനത്തിനാകാം ഇയാള്‍ ഗേറ്റ് ചാടിക്കടന്നതെന്ന സംശയവും പോലീസിനുണ്ട്.

മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ സുരക്ഷയില്‍ ഇതോടെ സംശയങ്ങളുയരുന്നുണ്ട്. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് വിവരം. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സിസിടിവി ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ചുറ്റുപാടുള്ള എല്ലാ ക്യാമറയും പരിശോധിക്കാനുള്ള തീരുമാനം. അപകടത്തില്‍ പെട്ട ആള്‍ എവിടെ നിന്നെത്തിയെന്ന് കണ്ടെത്താനാണ് ഇത്.

കേരളത്തിലെ പക്ഷിസങ്കേതങ്ങളില്‍ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 0.0274 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇതിന്റെ വിസ്തൃതി. കണ്ടല്‍ക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികള്‍ എത്താറുണ്ട്.ചിലന്തികളൂം വവ്വാലുകളും ഇവിടുത്തെ പ്രധാന ആകര്‍ഷണീയതയാണ്. 2004ല്‍ നിലവില്‍ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്.

കണ്ടല്‍ വനങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്. മംഗള്‍ എന്ന വാക്കിന് പോര്‍ച്ചുഗീസ്ഭാഷയില്‍ കണ്ടല്‍ എന്നാണ് അര്‍ത്ഥം. ഈയിടെ നിലവില്‍ വന്ന പുതിയ കെട്ടിടങ്ങളും മറ്റും ഇവിടുത്തെ പക്ഷികളുടെ വിഹാരത്തിനു തടസ്സമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker