സുല്‍ത്താന്‍ബത്തേരി: ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്‍ ജിജേഷിന്റെയും മരണവുമായി ബന്ധപ്പെട്ട് ബാങ്കുകളോട് വിവരങ്ങള്‍ തേടി പ്രത്യേക അന്വേഷണസംഘം. എന്‍.എം. വിജയന്റെ പേരിലുള്ളതും അദ്ദേഹം ഇടപാടുകള്‍ നടത്തിയതുമായ 14 ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപമോ വായ്പയോ മറ്റു ബാധ്യതകളോ ഉണ്ടോയെന്ന വിവരമാണ് സംഘം തേടിയിരിക്കുന്നത്.
ഇവ ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുത്തേക്കും. ബാങ്കുകളില്‍നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് പരിശോധിക്കാനാണ് ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇതുവരെ എന്‍.എം. വിജയന്റെ മൂത്തമകനടക്കമുള്ള ബന്ധുക്കളുടെയും ആശുപത്രിയില്‍ എത്തിച്ച കോണ്‍ഗ്രസ് നേതാക്കളുടെയുമായി ആറുപേരുടെ മൊഴി സംഘം എടുത്തിട്ടുണ്ട്. വിജയന് വായ്പകളുള്ളതായി അവര്‍ പറയുന്നുണ്ടെങ്കിലും അത് എന്തിനുവേണ്ടിയുള്ളതാണെന്ന് അറിയില്ലെന്നാണ് പറഞ്ഞിട്ടുള്ളത്.
ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. അസ്വാഭാവികമരണത്തിന് എടുത്ത കേസിന്റെ ഭാഗമായാണ് ഇപ്പോള്‍ അന്വേഷണം. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് പോലീസ് ഏഴംഗ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നത്.
അര്‍ബന്‍ ബാങ്കില്‍ ജോലി വാഗ്ദാനംചെയ്ത് 22 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയെന്നും ജോലി നല്‍കിയില്ലെന്നും പരാതി. താളൂര്‍ അപ്പോഴത്ത് വീട്ടില്‍ പത്രോസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
മകന് ബത്തേരി അര്‍ബന്‍ബാങ്കില്‍ പ്യൂണായി ജോലിനല്‍കാമെന്ന് പറഞ്ഞ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ യു.കെ. പ്രേമന്‍, സക്കറിയ മണ്ണില്‍, സി.ടി. ചന്ദ്രന്‍, ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്‍ എന്നിവര്‍ചേര്‍ന്ന് 2014 മുതല്‍ അഞ്ചുതവണകളായി 22 ലക്ഷം രൂപ വാങ്ങിയതായി പത്രോസിന്റെ പരാതിയില്‍ പറയുന്നു.
എന്നാല്‍ ജോലിയോ, നല്‍കിയ തുകയോ കിട്ടിയില്ല. ഇതിനിടയില്‍ എന്‍.എം. വിജയന്‍ അടക്കമുള്ളവരുടെ മധ്യസ്ഥതപ്രകാരം മൂന്നുലക്ഷം രൂപ തിരിച്ചുകിട്ടി. 2022 ഒക്ടോബര്‍ 11-ന് മധ്യസ്ഥര്‍ മുഖേന ജോലി ശരിയാക്കിത്തരാമെന്നുപറഞ്ഞ് കരാര്‍ ഒപ്പിട്ടുനല്‍കിയിരുന്നു. എന്നിട്ടും ജോലി കിട്ടിയില്ല. 2023 ഓഗസ്റ്റ് 23-ന് മണ്ണില്‍ സക്കറിയ, സി.ടി. ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് 9.5 ലക്ഷം രൂപയുടെ ചെക്ക് തന്നെങ്കിലും ഇത് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ പണമില്ലാതെ മടങ്ങി. കൊടുത്ത തുകയില്‍നിന്ന് ലഭിക്കേണ്ട 19 ലക്ഷം രൂപയും ബാങ്കുപലിശയും തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നേരത്തേ കോളിയാടി സ്വദേശി താമരച്ചാലില്‍ ഐസക് 17 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങി കബളിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. ബാങ്ക് നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇടനിലക്കാരായിനിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയെടുത്തിട്ടുണ്ടെന്നും ഇതേത്തുടര്‍ന്നുള്ള സാമ്പത്തികപ്രതിസന്ധിമൂലമാണ് എന്‍.എം. വിജയനും മകനും ആത്മഹത്യ ചെയ്തതെന്നുമുള്ള ആരോപണം ശക്തമാകുന്നതിനിടയിലാണ് വഞ്ചിക്കപ്പെട്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിക്കുന്നത്.
അക്കാലത്ത് ഡി.സി.സി. നേതൃത്വത്തിലുള്ള ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പി. യും എം.എല്‍.എ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഇതിനിടയില്‍ നിയമനക്കോഴയുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് അയച്ചതെന്നുപറയുന്ന കത്തുകളും പുറത്തുവന്നിട്ടുണ്ട്. രണ്ടുകത്തുകളില്‍ ബാങ്കില്‍ നിയമനത്തിനായി കോണ്‍ഗ്രസ് പ്രാദേശികനേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണമാണ്. നല്‍കിയ പണത്തില്‍ ഭൂരിഭാഗവും പിന്നീട് തിരിച്ചുകിട്ടിയതായുമുണ്ട്.