മാന്നാർ: കാറിടിച്ച് സൈക്കിൾ യാത്രികനായ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. മാന്നാർ കുട്ടമ്പേരൂർ വല്യത്ത് ലൗഡേൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന രാജു രാമചന്ദ്രൻ(63) മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ചെറിയനാട് ശശിമംഗലത്തിൽ സൂരജ് ദേവ്(37) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാന്നാർ മാവേലിക്കര സംസ്ഥാന പാതയിൽ കുറ്റിയിൽ ജംഗ്ഷന് തെക്ക് വശത്ത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. മാന്നാർ മലബാർ ഹോട്ടലിലെ ജീവനക്കാരനായ രാജു ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് പോകവെ അമിത വേഗതയിൽ വന്ന കാർ സൈക്കിളിന് പിന്നിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കാർ നിർത്താതെ വിട്ടു പോകുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടറുടെ ചാർജ് വഹിക്കുന്ന മാവേലിക്കര സിഐ ശ്രീജിത്ത്, എസ്ഐ അഭിരാം സി. എസ്. എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി കാർ പിടികൂടി.
പിന്നാലെ, കാറോടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. ഇതേ തുടർന്ന് ഡ്രൈവർക്കെതിരെ മാന്നാർ പൊലീസ് കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടമ്പേരൂർ മൂലശ്ശേരിൽ തങ്കമണിയാണ് രാജുവിന്റെ ഭാര്യ. മക്കൾ: അഖില, അഖിൽ രാജ് (സൗദി). സംസ്കാരം നടത്തി