തളരില്ല, തളർത്താൻ പറ്റുകയും ഇല്ല;നേരിടുന്നത് എല്ലാ സീമകളും ലംഘിച്ചിരിക്കുന്ന സൈബര്‍ ആക്രമണമെന്ന് സൂരജ് സന്തോഷ്
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീട്ടുകളില്‍ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകളാണ് ചിത്രക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കെ. എസ് ചിത്രയെ പോലുള്ള കപട മുഖങ്ങള്‍ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകന്‍ സൂരജ് സന്തോഷ് പറഞ്ഞത്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും എത്ര എത്ര കെ.എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാനിക്കുന്നുവെന്നുമായിരുന്നു ഗായകന്റെ വിമര്‍ശനം.
ഹൈലൈറ്റ് എന്താണെന്ന് വെച്ചാല്‍, സൗകര്യപൂര്‍വം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്. വസ്തുത സൈഡിലേക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ. എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നു, പരമ കഷ്ടം- സൂരജ് സന്തോഷ് കുറിച്ചു.
ഈ പരാമര്‍ശത്തിന് ശേഷം സൂരജ് സന്തോഷിനെതിരെ സംഘടിത സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തനിക്കേതിരേ ഇതിന് മുന്‍പും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതിന് ഒരു പരിധിയുണ്ടെന്നും ഇത്തവണ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും സൂരജ് കുറിച്ചു. ഇവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കുമെന്നും ഗായകന്‍ വ്യക്തമാക്കി. തളരില്ല, തളര്‍ത്താന്‍ പറ്റുകയും ഇല്ല- സൂരജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ചിത്രയ്ക്ക് പിന്തുണയുമായി എത്തിയവരില്‍ ശ്രീകുമാരന്‍ തമ്പി, ജി വേണുഗോപാല്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പെന്നും എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിവാദത്തില്‍ കെഎസ് ചിത്രയെ പിന്തുണച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഓര്‍മ്മപ്പെടുത്തി മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല. ആർക്കും അഭിപ്രായങ്ങൾ പറയാം, സജി ചെറിയാന്‍ പറഞ്ഞിരുന്നു.